1

ഇടനെഞ്ചിൽ  മാറഡോണയെ  പച്ചകുത്തിയവരെത്ര. 

വിരിമാറിൽ  ചെ ഗുവേരയ വരഞ്ഞിട്ടവരെത്ര.

പിൻ കഴുത്തിൽ മുന്നിലും കഴുത്തിൻ വശങ്ങളിലും

ബോബ് മാർലിയെ ചിത്രമാക്കിയവരെത്ര...

2

"ഇമ്മാതിരി കേസിലൊന്നും വന്ന് ചാടരുത്  ജീവിതം പോകും". തന്നെ കാണാൻ കോടതി പരിസരത്തെത്തിയ  കുഞ്ഞാരാധകനോട്  പ്രതികരിച്ച് വേടൻ .  പുലിനഖത്തിന്‍റെ പേരില്‍ വനംവകുപ്പെടുത്ത കേസിനെ തുടര്‍ന്നാണ് വേടനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത് . വേടന്‍റെയും വേടനെ പിന്തുണച്ചെത്തിയവരുടെയും സുക്ഷ്മരാഷ്ട്രീയത്തില്‍പ്പെട്ടയാളൊന്നുമല്ല  ഈ ആരാധകന്‍. വേടന്‍റെ പാട്ട്  കേള്‍ക്കാന്‍ തിരമാലപോലെ ഒത്തുകൂടിയ ആള്‍ക്കൂട്ടത്തില്‍ ഒരാളായിരുന്നു ഈ പതിനാലുകാരനും . പാട്ടില്‍ നിന്ന് പിറന്നതാണ്  വേടനോടുള്ള ആരാധനയെന്ന്  അവനും വ്യക്തമാക്കി. 

Read Also: ‘പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു; ലോക്കറ്റ് നിര്‍മിക്കാന്‍ തന്നത് വേടനല്ല’

പെരുമ്പാവൂര്‍ വല്ലം സ്വദേശിയായ കുട്ടി ചൊവ്വാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയാണ് വേടനെ കാണാന്‍ കോടതി പരിസരത്തെത്തിയത് . വേടന്‍റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞാണ് അടുത്തെത്തിയത് . ഈ വര്‍ഷം പത്താംക്ലാസിലേക്ക് ചുവടുവച്ച അവന്‍ വേടന്‍റെ പാട്ട് ഒരിടത്തു കിട്ടിയാലും വിടാറില്ല.

"വേടൻ വന്നോ, വേടനെ കൊണ്ടുവന്നോ" എന്നായിരുന്നു അടുത്തു കണ്ടപ്പോഴുള്ള അവന്‍റെ ചോദ്യം . മുകളിലുണ്ടെന്ന് മറുപടി കിട്ടിയപ്പോള്‍ കാണണമെന്നായി . കേസുവിളിക്കാന്‍  താമസമുള്ളതിനാല്‍ വേടനെ മുകളിലൊരിടത്ത് ഇരുത്തിയിരിക്കുയായിരുന്നു. മുന്നിലും പിന്നിലും, ഇടവും വലവും വനം വകുപ്പുകാരുണ്ട്. 

അൽപ്പം മാറിനിന്ന് അവൻ വേടനെ കണ്ടു.  പിന്നെ അവൻ വേടന് അഭിമുഖമായി വന്നു നിന്നു.  നോക്കി നിൽക്കുന്നത് കണ്ട വേടനാണ് ചെറു ചിരിയോടെ അവനോട് ചോദിച്ചത്.  എന്താണെന്ന്. ആരാധകനാണെന്ന് പയ്യന്റെ മറുപടി.

"ഇമ്മാതിരി കേസുകളിലൊന്നും വന്ന് ചാടരുത് ജീവിതം പോകും". അതും പറഞ്ഞ് വേടൻ പയ്യന് കൈ കൊടുത്തു. അവനത് സ്വീകരിച്ച്  സന്തോഷത്തോടെ  ചിരിച്ചു. പിന്നെയും കുറെ നേരം അവൻ വേടനെ നോക്കി നിന്നു. സാവധാനം മടങ്ങി.

വേടനെ കണ്ട സന്തോഷം താഴെ കോടതി മുറ്റത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞത് അവൻ തന്നെയാണ്. ഒരാൾ മാത്രമല്ല വേടൻ്റെ പാട്ടുകേട്ട ഒട്ടേറെപ്പേര്‍ വേടനെ കാണാൻ കോടതി മുറ്റത്തെത്തിയിരുന്നു. അവരെല്ലാം ഇരട്ട നീതിയെക്കുറിച്ചും പറഞ്ഞു.  ഒരു വിഭാഗത്തെ അലോസരപ്പെടുത്തുന്ന വേടന്റെ പാട്ടിനും പറച്ചിലിനമായി  അവരെല്ലാം ഇനിയും  കാത്തു നിൽക്കുകയാണ്.

3

വേടന് പുലിപ്പല്ല് നൽകിയത് - രഞ്ജിത് കുമ്പിടി - ശ്രീലങ്കൻ വംശജനാണെന്ന് വനം വകുപ്പുദ്യോഗസ്ഥർ മാധ്യമപ്രവര്‍ത്തകരോട് പറയാൻ മറന്നില്ല. ആ ശ്രീലങ്കൻ വംശജൻ യു.കെയിലും, ഫ്രാൻസിലുമാണ് താമസിക്കുന്നതെന്നും ഇടക്കിടെ വന്നു ഉദ്യോഗസ്ഥര്‍  ഓർമിപ്പിച്ചു.