വേടന്റെ മാലയിലെ പുലിപ്പല്ല് ലോക്കറ്റ് നിര്‍മിച്ചത് എട്ടുമാസം മുന്‍പെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ സന്തോഷ്.
ലോക്കറ്റ് നിര്‍മിക്കാന്‍ തന്നത് വേടനല്ല, പകരം മറ്റൊരാളാണ് സമീപിച്ചത്. പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. ലോക്കറ്റ് വാങ്ങാന്‍ വേടനും എത്തിയിരുന്നു. സന്തോഷിന്റെ ജ്വല്ലറിയില്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പുലിപ്പല്ല് വെള്ളി പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. വീട്ടുകാരെ ചോദിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് വീട്ടിലെ തെളിവെടുപ്പിനിെട വേടന് മാധ്യങ്ങളോട് പറഞ്ഞു.
Read Also: ‘ഞാന്‍ വലിക്കും, മദ്യപിക്കും; രാസലഹരി ഉപയോഗിച്ചിട്ടില്ല’
അതേസമയം, ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് വേടന് കഴിഞ്ഞ ദിവസം പ്രതികരിച്ചു. താന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുംവഴി വേടന് പറഞ്ഞു. അറസ്റ്റിലായ റാപ്പർ വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി. വേടന് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടി എന്നയാൾ ആണെന്ന് ഫോറസ്റ്റ് റേഞ്ചർ ആർ. അധീഷ് പറഞ്ഞു. രഞ്ജിതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി. ഇയാളുമായി ഇൻസ്റ്റാം ഗ്രാം വഴി വേടന് ബന്ധമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ രഞ്ജിത് കുമ്പിടിയെ തനിക്കറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് ആവർത്തിച്ചു. എല്ലാം അധികാരികളോട് പറഞ്ഞിട്ടുണ്ടെന്നും വേടൻ പറഞ്ഞു.
കഞ്ചാവിന്റെ ഉറവിടം തേടിയും അന്വേഷണം ആരംഭിച്ചു. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് മൊഴിയെങ്കിലും സംഘം കൂടുതല്‍ പേരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നാണ് നിഗമനം. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആറിന്റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.