ഇന്ത്യയിൽ സമാന്തര പോപ്പുലർ സംഗീതത്തിന്‍റെ പ്രാധാന്യം വര്‍ധിക്കുകയാണെന്ന്, ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം ചൂണ്ടിക്കാട്ടി ഗായകൻ ജി. വേണുഗോപാല്‍. സമാന്തരമായ സുഗമ സംഗീത മേഖലയുടെ ശക്തിയും കച്ചവട സാധ്യതയും അർജിത്തിൻ്റെ തീരുമാനത്തിന് പിറകിലുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമാ പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാളേറെ ആസ്വാദകർ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാൻഡുകളും കൂടി വരുകയാണ്. " അഗം " ബാൻഡ് & ഹരീഷ് ശിവരാമകൃഷ്ണൻ, വേടൻ, ഹനുമാൻ കൈൻഡ്, ഡെഫ്സി, ഭക്തിഗാന സദസ്സുകളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന നന്ദ ഗോവിന്ദം ഭജൻസ് എന്നിവരൊക്കെ സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ ഉദയത്തിൻ്റെ നാന്ദിയും കുറിക്കുകയാണെന്നും വേണുഗോപാല്‍ വിലയിരുത്തുന്നു. 

ഇന്ത്യൻ സിനിമാ സംഗീതത്തിലെ എക്കാലത്തേയും പോപ്പുലറായ ഗായകൻ അർജിത് സിങ്ങ് ഇനി മുതൽ സിനിമയിൽ പിന്നണി പാടില്ല എന്ന് പറഞ്ഞിരിക്കുന്നു. വരും കാലങ്ങൾ മാത്രമല്ല, ഇക്കാലവും സിനിമാ പിന്നണി ഗാനരംഗത്തെക്കുറിച്ചുള്ള ഒരു " dooms day prediction " (ഡുംസ്ഡേ പ്രെഡിക്ഷൻ) കൂടി ഇദ്ദേഹത്തിൻ്റെ തീരുമാനത്തിൽ ഉണ്ടെന്നാണ് വിശ്വാസം. സമാന്തരമായ സുഗമ സംഗീത മേഖലയുടെ ശക്തിയും കച്ചവട സാധ്യതയും അരിജിത്തിൻ്റെ തീരുമാനത്തിന് പിറകിലുണ്ട്. മറ്റെല്ലാ ഗായകരെയും പോലെ അരിജിത്തിനെയും പ്രശസ്തിയുടെ നാൾവഴികളിൽ കൈപിടിച്ചാനയിച്ചത് ബോളിവുഡ് സിനിമാ സംഗീതം തന്നെയാണ്. അവിടെ നിയമാവലികൾ കടുപ്പമാണ്. 

സംഗീത ലേബൽസ് ആണ് അവിടെ അനിഷേധ്യമായ നിയമങ്ങൾ സൃഷ്ടിക്കുന്നത്. ടീ സീരീസ്, സീ മ്യൂസിക് , സോണി മ്യൂസിക്, സരേഗമ, ടിപ്സ്, യൂണിവേഴ്സൽ മ്യൂസിക്, തുടങ്ങിയവരാണ് റിക്കാർഡിംഗ് ഇൻഡസ്ട്രിയുടെ പരിപൂർണ്ണ നിയന്ത്രണം!. Control Licensing, Digital Distribution, Licensing rights, ഇതെല്ലാം ഇവർ തീരുമാനിക്കും. ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും ഒട്ടുമിക്കവാറും അവരുടെ കൈകളിലാണ്. 

ISAMRA (Indian Singers and Musicians Rights Association) രൂപം കൊണ്ട നാളുകളിലൊന്നിൽ ബോളിവുഡ് ഐക്കൺ ഗായകൻ സോനു നിഗം അതി പ്രശസ്തമായ മൂന്ന് നാല് ഗാനങ്ങൾക്ക് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം എത്രയാണെന്നൂഹിക്കാൻ ഞങ്ങളോട് തമാശ രൂപേണ പറഞ്ഞു. അവയിലെ രണ്ട് ഗാനങ്ങൾ പ്രതിഫലമില്ലാതെയും മറ്റ് രണ്ട് ഗാനങ്ങൾക്ക് നിസ്സാരമായ പ്രതിഫലം നൽകുകയുമായിരുന്നു. മലയാളത്തിൽ ഇതിൽ നിന്നും ഭേദമാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - " തെന്നിന്ത്യയിലെ ഭാഷകളിൽ പാടുമ്പോഴാണ് ഞാൻ ബോളിവുഡിൻ്റെ പ്രതിഫലം വാങ്ങിക്കുന്നത് "!നമ്മൾ ഇത് വരെ കാണുകയും കേൾക്കുകയും ചെയ്ത സിനിമാ പിന്നണി ഗായകരെക്കാളൊക്കെ പല മടങ്ങ് വലുതാണു് അരിജിത് സിങ്, സംഗീതത്തിൻ്റെ കമേഴ്സ്യൽ ഇടങ്ങളിൽ.

പ്രശസ്തരായ പല വെസ്‌റ്റേൺ ബാൻഡുകൾക്ക് പോലും പലപ്പോഴും അരിജിത്തിൻ്റെ ഗാനസദസ്സുകൾക്ക് കിട്ടുന്ന പ്രതിഫലമോ, അദ്ദേഹത്തിൻ്റെ റിക്കാർഡഡ് ഗാനങ്ങൾക്ക് കിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തിയോ സ്ട്രീമിങ്ങോ കിട്ടാറില്ല. ഇത് ഒട്ടൊന്നുമല്ല ബോളിവുഡിലെ ലേബൽസിനെയും ചില ഖാൻ നായക പ്രഭൃതികളേയും വിഷമഘട്ടത്തിലാക്കുന്നത്. മറ്റേത് ഇൻഡസ്ട്രിയെക്കാളുമേറെ കൂട്ടം വിട്ട് ശക്തിയായ് ഉയർന്ന് പറക്കുന്ന ഈ പക്ഷിയെ കല്ലെറിഞ്ഞ് താഴെ വീഴ്ത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായി. അരിജിത് സിങ്ങും, ശങ്കർ മഹാദേവനും, സോനു നിഗമും സമാന്തര സംഗീത പ്ലാറ്റ്ഫോമുകളിൽ അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവരെയൊന്നും ഇനി ബോളിവുഡ് സിനിമാ സംഗീതത്തിനാവശ്യമില്ല, അല്ലെങ്കിൽ അവർക്കിനി ബോളിവുഡ് സംഗീതത്തെ ആവശ്യമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം!.

ചെറിയ ചെറിയ വളയങ്ങളിൽ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവർ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നു. ഇത് ബോളിവുഡിൽ മാത്രമല്ല, നാടെങ്ങും സംഭവിക്കുന്നു. കേരളത്തിലും!. അതിന്‍റെ ഉദാഹരണമാണ് ഹരീഷ് ശിവരാമകൃഷ്ണനും വേടനുമെല്ലാം.– അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Singer G Venugopal said that the importance of parallel popular music is increasing in India, pointing to singer Arijit Singh’s retirement announcement. In a Facebook post, he noted that the strength and commercial potential of the independent light music scene are factors behind Arijit’s decision. He observed that audiences are increasingly embracing singers and their bands more than film playback singers’ music shows.