ഇലക്ഷന്‍ കാലത്ത് ഒരു സര്‍ക്കാര്‍ സ്വന്തം കാലത്തെ നേട്ടങ്ങള്‍ ജനത്തെ അറിയിക്കും. സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയും പാര്‍ട്ടികളും രാഷ്ട്രീയം സംസാരിക്കും. സ്വന്തം നേട്ടം പറയും, പ്രതിപക്ഷത്തെ വിമര്‍ശിക്കും. അതിലൊന്നും പുതുമയില്ല. പക്ഷെ ഒരു സര്‍ക്കാരിലെ ഒരു വകുപ്പ് മുന്‍ സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് രാഷ്ട്രീയമായി പരസ്യവുമായി ഇറങ്ങാമോ? അതിനുള്ള അവകാശം സര്‍ക്കാര്‍ വകുപ്പിനും അതിലെ ഉദ്യോഗസ്ഥര്‍ക്കുമുണ്ടോ? ഇവിടെ പിണറായി സര്‍ക്കാരിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഈ ചോദ്യം ഇന്ന് നേരിടുന്നത്. ആ ശരിതെറ്റിന് അപ്പുറവുമുണ്ട് പ്രശ്നം. പറയുന്നത് വസ്തുതാപരമാകണ്ടേ? പവര്‍ക്കട്ടില്ലാത്ത പത്തുവര്‍ഷങ്ങള്‍ എന്നാണ് എല്‍ഡിഎഫ് കാലത്തെക്കുറിച്ച് പറഞ്ഞത്. ശരിയാണോ? അല്ല. 2017ലും പതിനെട്ടിലും 2022ലും കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. പിണറായി കാലത്ത് അരമണിക്കൂര്‍ ലോഡ് ഷെഡിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനമായി ഇക്കാലയളവില്‍ കെഎസ്ഇബി മാറിയെന്നും പരസ്യത്തിലുണ്ട്. ശരിയാണോ.? പെന്‍ഷന്‍ മുടങ്ങാതെ നല്‍കിയെന്ന അവകാശവാദവും ശരിയാണോ? അല്ല. അപ്പോള്‍ എല്‍ഡിഎഫ് 3.0 യ്ക്കായി എന്തും ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കേണ്ട നിലയിലാണോ സര്‍ക്കാര്‍? എന്ത് അവാസ്തവവും പറയേണ്ട നിലയിലുമാണോ സര്‍ക്കാര്‍?