തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ച പി.കെ ശ്യാമളയ്ക്ക് എതിരായ വിവാദങ്ങള്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.കെ. ശ്യാമളക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും അനാവശ്യമെണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് ചോദിച്ചു. എം.വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമളയെയാണ് തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇതിനെതിരെ സൈബറിടത്ത് സിപിഎം അനുകൂലികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ഥി പാനല്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് ഓരോ മണ്ഡലത്തിലിയെും കാര്യങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു. ഇതിനിടെയിലാണ് പി.കെ ശ്യാമളയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം ചില അംഗങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുന്‍പും ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നായിരുന്നു ഇതിന് എം.വി ഗോവിന്ദന്‍റെ മറുപടി. പി.കെ ശ്യാമളയെ മത്സരിപ്പിക്കുന്നതില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്നും നേതൃത്വം നിലപാടെടുത്തു.
തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമാക്കിയിരുന്നു. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്ന പ്രാദേശിക എതിർപ്പുകൾ വകവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. സംസ്ഥാന സെക്രട്ടറി എന്ന പരിഗണനയിലാണ് ശ്യാമളയ്ക്ക് സീറ്റ് നല്‍കിയത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. സമൂഹമാധ്യമങ്ങളിലൂടെയാണ് പാർട്ടി അനുകൂലികൾ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത്. പി.കെ ശ്യാമള ജനകീയ അല്ലെന്നും ആന്തൂര്‍ നഗരസഭാ അധ്യക്ഷയായ സമയത്തുണ്ടായ പ്രവാസി ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്‍ ജയസാധ്യതയെ ബാധിക്കും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച പാലക്കാട് സീറ്റിന്‍റെ ലിസ്റ്റില്‍ പക്ഷെ പി.സരിന്‍റെ പേരില്ല. അസാധാരണ ഇളവ് നല്‍കിയാണ് എ.സി മൊയ്ദീനെ കുന്നംകുളത്ത് മല്‍സരിപ്പിക്കുന്നത്. സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കുന്ന സീറ്റുകള്‍ ഉള്‍പ്പടെ ആശയകുഴപ്പം നിലനിന്ന സീറ്റുകളിലെല്ലാം സ്ഥാനാര്‍ഥികളായി. മണലൂര്‍ മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മല്‍സരിക്കും. വൈപ്പിന്‍ എം.എല്‍.എ കെ.എൻ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലും മഹിളാ അസോസിയേഷന്‍ നേതാവ് എം.ബി ഷൈനി വൈപ്പിനിലും സ്ഥാനാര്‍ഥിയാവും.
നെന്മാറ കെ.പ്രേമൻ ആലത്തൂരില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശിയും മല്‍സരിക്കും. എന്‍. ഷംസീറിന് സീറ്റ് നഷ്ടാകുന്ന തലശ്ശേരിയില്‍ കാരായി രാജന്‍ തന്നെ ഉറപ്പിച്ചു. മട്ടന്നൂര്‍ വി.കെ സനോജും തവനൂര്‍ കെ.ടി ജലീലും മല്‍സരിക്കും. നിലമ്പൂരിൽ യു.ഷറഫലി, പൊന്നാനി എം.കെ. സക്കീര്‍, താനൂര്‍ വി.അബ്ദുറഹിമാൻ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍.നാസര്‍ മല്‍സരിക്കില്ല. ഇതോടെ അരൂരില്‍ ദലീമ ജോജോ കായംകുളത്ത് യു.പ്രതിഭയും സ്ഥാനാര്‍തിഥ്വം ഉറപ്പിച്ചു. 12 നോ 13 നോ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് 15നകം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് സിപിഎം കരുതുന്നത്.