ലോകകപ്പ് ആവേശത്തിൽ കാനഡയിലെ ടൊറന്റോയിലെത്തിയ ജർമൻ ആരാധകർക്ക് ബിയറിന്റെ കൈപൊള്ളുന്ന വില തിരിച്ചടിയാകുന്നു. ഐവറി കോസ്റ്റിനെതിരായ മത്സരത്തിന് മുന്നോടിയായി നഗരത്തിലെത്തിയ നൂറുകണക്കിന് ആരാധകർ, ആവേശത്തോടെ പബ്ബുകൾക്ക് മുന്നിൽ വരി നിൽക്കുമ്പോഴും, കാനഡയിലെ ബിയർ വില തങ്ങളുടെ മിതവ്യയ ശീലങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് തുറന്നു പറയുന്നു.  നയാഗ്ര വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം നഗരത്തിലെത്തിയ ആരാധകർ ബിയര്‍ വിലയിലെ ‘ഫൗളി’നെക്കുറിച്ചാണ് പറഞ്ഞതേറെയും.

 

"കാനഡയിലെയും യുഎസിലെയും ബിയർ വില ജർമനിയെക്കാൾ വളരെ കൂടുതലാണ്," ജര്‍മനിയില്‍ നിന്നെത്തിയ മാറ്റ്സ് കോവർ പറഞ്ഞു. "ജർമനിയിൽ ഒരു പൈന്റ് ബിയറിന് ആറോ ഏഴോ ഡോളറേയുള്ളൂ. കാനഡയില്‍ അത് 10 മുതൽ 14 ഡോളർ വരെയാണ്. സ്റ്റേഡിയത്തിലാകട്ടെ 17 ഡോളറും. ഇത് അന്യായമെന്നും ബിയര്‍ വില കുറയ്ക്കണമെന്നും ജര്‍മന്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.  ലോകകപ്പിനായി യാത്ര ചെയ്യുമ്പോൾ ഉയർന്ന ബിയർ വില പ്രതീക്ഷിക്കാമെങ്കിലും, മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതാണെന്ന് പറയുന്നവരുമുണ്ട്.

 

ജി7 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഭക്ഷ്യവിലക്കയറ്റമുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. യുഎസ് ഡോളറിനും യൂറോയ്ക്കും എതിരെ വിനിമയ നിരക്ക് കാനഡയെ താരതമ്യേന ചെലവ് കുറഞ്ഞതാക്കുന്നുണ്ടെങ്കിലും, നികുതിയും ടിപ്പും ചേരുമ്പോൾ വില കുതിച്ചുയരും. ടൊറന്റോയിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും 12% മുതൽ 20% വരെ ടിപ്പ് നൽകാറുണ്ട്, കൂടാതെ 13% നികുതിയും ബില്ലിൽ ചേർക്കും.ഒരു ലിറ്ററിന് ജര്‍മനിയിലേതിനെക്കാള്‍ 50ശതമാനം അധിക വിലയുണ്ടെന്നാണ് ആരാധകപക്ഷം.

 

പ്രതിരോധം തീര്‍ത്ത് പബ്ബുകള്‍

 

തങ്ങളുടെ വില യൂറോപ്പിലെ നിരക്കുകൾക്ക് സമാനമാണെന്ന് പറഞ്ഞ് ടൊറന്റോയിലെ പബ്ബുകൾ പ്രതിരോധിച്ചു. ആവശ്യത്തിനനുസരിച്ച് ബിയർ എത്തിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അവർ പറയുന്നു.  ജർമൻ ആരാധകർക്കായി പബ്ബിലെ ടാപ്പുകൾ വറ്റാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പല പബ്ബുടമകളും. 16 വീപ്പ ബിയറാണ് പബ്ബുകളില്‍ കരുതിയിരിക്കുന്നത്. ഓരോ വീപ്പയിലും 30 ലിറ്റർ. അങ്ങനെ ആകെ 500 ലിറ്റർ ബിയർ, അതായത് ഏകദേശം 1,200 പൈന്റ്. തിരക്ക് കൂടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ കരുതല്‍ശേഖരം തയാറെന്നും പബ്ബുടമകള്‍ പറയുന്നു.ക്യൂറോസാവോയ്ക്കെതിരെ ജര്‍മനി വമ്പന്‍ ജയം നേടിയതോടെയാണ് ലോകകപ്പ് കാണാന്‍ ജര്‍മന്‍ ആരാധകര്‍ കൂട്ടത്തോടെയാണ് എത്തുന്നത്.

 

ENGLISH SUMMARY:

German football fans travelling to Toronto for the FIFA World Cup have expressed frustration over soaring beer prices in Canada. Supporters say a pint of beer costs significantly more than in Germany, with stadium prices reaching as high as 17 dollars. While fans continue to enjoy the World Cup atmosphere, many have raised concerns about the combined impact of high beverage costs, taxes, tips, and expensive match tickets. Toronto pubs, meanwhile, insist their prices are justified and have stocked hundreds of litres of beer to meet growing demand.