ഇറാന്‍ യുദ്ധതീവ്രതയില്‍ എരിയുകയാണ്. തലസ്ഥാനമായ ടെഹ്റാനിലടക്കം ഇറാനില്‍ ഇന്നും ഇസ്രയേല്‍ യു.എസ്. ആക്രമണമുണ്ടായി. ടെഹ്റാനിലെ വിവിധയിടങ്ങളിലും കറാജ്, സനാദന്‍ദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണ്.  വിവിധയിടങ്ങളില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി. 

ഇറാന്‍റെ പ്രത്യാക്രമണം കുവൈത്ത് പുറങ്കടലില്‍ ആയിരുന്നു. പുറങ്കടലില്‍ എണ്ണ ടാങ്കറിനുനേരെ ആക്രമണമുണ്ടായി. മുബാറക് അല്‍ കബീര്‍ തുറമുഖത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര സമുദ്രപാതയിലാണ് എണ്ണ ടാങ്കറിന് സമീപം ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സമുദ്രത്തില്‍ എണ്ണ പടര്‍ന്നു. ഇസ്രയേലിലെ ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. അതേസമയം ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടു. ട്രിപ്പോളിയില്‍ പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെടുകയും കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നുമാണ് ഇസ്രയേല്‍ അവകാശവാദം. തെക്കന്‍ ലബനനില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. 

ആശങ്കകള്‍ക്കൊടുവില്‍ യുഎഇ ആകാശത്ത് ആശ്വാസം എന്നതാണ് ഇന്നിന്റെ നല്ല വാര്‍‍ത്ത. ആറാം ദിനം ഇറാനില്‍നിന്ന് ആക്രമണങ്ങള്‍ ഒഴിഞ്ഞ് ഗള്‍ഫ് മേഖല.  സൗദിയിലാണ് ചെറിയതോതില്‍ ഇറാന്റെ ആക്രമണശ്രമം തുടരുന്നത്. ഇസ്രയേല്‍ യുഎസ് ആക്രമണത്തിന് മറുപടിയായി എന്തിനാണ് ഇറാന്‍ ഗള്‍ഫ് മേഖലയെ ആക്രമിച്ചത്.? അത് യുഎസ് സൈനിക ക്യാമ്പിനെ വിറപ്പിക്കാന്‍ ഉദ്ദേശിച്ച് മാത്രമായിരുന്നോ? ഇന്നിപ്പോള്‍ ഗള്‍ഫ് മേഖലയെ ആക്രമിച്ചതിന് ഇറാന്‍ ക്ഷമ പറയുന്നുണ്ട്. വേറെ വഴിയില്ലാഞ്ഞിട്ടാണെന്നും പറയുന്നുണ്ട്. 

പക്ഷേ സൗദിയില്‍ ഇറാന്റെ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. അല്‍ ഖാജ്, അല്‍ ജൗഫ് മേഖലയില്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ദോഹയിലെ യുഎസ് എംബസിയുടെ സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എസ് പൗരന്‍മാര്‍ക്ക് റിയാദിലെ സൗദി എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി.  അതിനിടെ, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനനുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഫോണില്‍ സംസാരിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇറാനുമായും ഗള്‍ഫ് രാഷ്ട്രങ്ങളുമായും അടുപ്പമുള്ള ചൈനയുടെ ഇടപെടല്‍ ആശാവഹമാണ്. ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജി.സി.സി– യൂറോപ്യന്‍ യൂണിയന്‍ മന്ത്രിതല യോഗവും ചേരും.

ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തതില്‍ കേന്ദ്രസർക്കാരും പ്രതിരോധ വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല. ചില യുഎസ് മാധ്യമങ്ങളാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസ് നാവികസേന ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫാക്ട് ചെക്കിങ് വിഭാഗം യുഎസ് മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി. ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസ് ഉപയോഗിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അറിയിപ്പ്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്,, ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തതിന് പിന്നാലെയാണ് ഈ പ്രചാരണം തുടങ്ങിയത്. യുഎസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അയല്‍പ്പക്കത്തും ഇന്ത്യയുടെ സ്വാധീനം നഷ്ടമായോന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അമേരിക്കയുടെ നീക്കം അറിയില്ലായിരുന്നോയെന്നും കോണ്‍ഗ്രസ് ചോദിച്ചു. അതിഥിയായെത്തിയ കപ്പല്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യത്തിന്റെ ശേഷി ലോകം കണ്ടെന്നും ഇസ്രയേലിന്റെ ശത്രു എങ്ങനെ ഇന്ത്യയുടെ ശത്രുവാകുമെന്നും പവന്‍ഖേര ചോദിച്ചു. 

ഇന്ത്യന്‍ നാവികസേനയുടെ ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലാൻ നാവിക അഭ്യാസത്തിലും പങ്കെടുത്ത ഇറാൻ കപ്പൽ ഐആർഐഎസ് ദേനയാണ് തകര്‍ന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസ്യയിലെ യുഎസ് സൈനികതാവളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒഹായോ ക്ലാസ് അന്തർവാഹിനിയാണ് ഇറാന്‍റെ പടക്കപ്പല്‍ തകര്‍ത്തത്. ആക്രമണത്തില്‍ യുഎസിനെ ഇന്ത്യ പ്രതിഷേധം അറിയിക്കണമെന്ന് മുന്‍നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് ആവശ്യപ്പെട്ടു. രാജ്യാന്തര സമുദ്രമേഖലയിലെ മിലിറ്ററി നീക്കങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് യുഎസിന്‍റെ ആക്രമണമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇറാനിലെ ദേന മലയുടെ പേരിൽ അറിയപ്പെടുന്ന മൗജ് ക്ലാസ് മൾട്ടിറോൾ ഗൈഡഡ് മിസൈൽ വിഭാഗത്തിൽപ്പെട്ട ഈ ആക്രമണ യുദ്ധക്കപ്പൽ 2021ലാണ് സേനയുടെ ഭാഗമായത്.

ഒടുവില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധത്തില്‍ മൗനം വെടിഞ്ഞു ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി. യുഎസ് – ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാൻ എംബസി സന്ദർശിച്ചു. അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചു. ഖമനയി വധത്തിലെ രാജ്യത്തിന്‍റെ അനുശോചനം ഇറാനെ അറിയിച്ചു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലിയുമായി കൂടിക്കാഴ്ച നടത്തി.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫോണ്‍ സംഭാഷണം നടത്തി. ഖമനേയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. സർക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. അതേസമയം, ഇറാനെതിരെ ചില ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്തുവരുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 138 വിമാനസര്‍വീസുകള്‍ പക്ഷേ ഇതുവരെ പൂര്‍വാവസ്ഥയില്‍ ആയിട്ടില്ല. ഇന്നും വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയിലും തിരുവനന്തപുരത്തും ഏതാനും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുമുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 35 ഉം എത്തേണ്ട 32 ഉം അടക്കം 67 സര്‍വീസുകളാണ് റദ്ദാക്കിയത്. ഗൾഫ് രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് 9 വിമാനങ്ങള്‍ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, ഫുജൈറ മസ്കറ്റ് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്കാണ് സർവീസ്. എയര്‍ അറേബ്യ ജി 9 ഇന്ന് മുതല്‍ കൊച്ചിയിലേക്ക് സര്‍വീസ് വീണ്ടും നടത്തും. വൈകിട്ട് 6.45ന് ഷാര്‍ജയില്‍നിന്ന് എത്തുന്ന വിമാനം രാത്രി 10.05 ന് തിരികെ പോകും. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കുള്ള വിമാനസര്‍വീസും പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെയ്സും എയര്‍ഇന്ത്യ എക്സ്പ്രസുമാണ് സര്‍വീസ് തുടങ്ങിയത്. തിരുവനന്തപുരം–ദുബായ് സര്‍വീസ് എമിറേറ്റ്സ് നാളെ പുനരാരംഭിക്കും. കരിപ്പൂരില്‍ നിന്ന് എയര്‍ അറേബ്യ, ഫ്ലൈനാസ്, സലാം എയര്‍ എന്നീ കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. മസ്കത്ത്, റിയാദ് സെക്ടറുകളില്‍ നിന്നുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. യുഎഇയില്‍ ദുബായ്, ഫുജൈറ എന്നിവിടങ്ങളില്‍ നിന്ന് ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്ന് ഏഴു സര്‍വീസും നാളെ 12 സര്‍വീസുമാണ് പ്രഖ്യാപിച്ചത്. ഒരു സര്‍വീസ് ദുബായില്‍ നിന്നും ശേഷിക്കുന്നവയെല്ലാം ഫ്യുജൈറയില്‍ നിന്നുമാണ് പുറപ്പെടുക. മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ് സര്‍വീസ്.  ഗള്‍ഫ് മേഖലയിലെ ആശങ്കയൊഴിയുന്ന പക്ഷം സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാവാനാണ് സാധ്യത.  

രാജ്യാന്തര കപ്പല്‍ച്ചാലായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള സമ്പദ് വ്യവസ്ഥ തകരാറിലാകുമെന്ന് അവസ്ഥയുണ്ട്. ഇറാന് നിലവില്‍ സ്വീകരിക്കാവുന്ന ഏറ്റവും ശക്തമായ പ്രതിരോധ നടപടികൂടിയാണ് ഹോര്‍മുസ് അടക്കുക എന്നത്. യുഎസും ഇസ്രയേലും ഇറാനും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, ഈ തന്ത്രപ്രധാന പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോള്‍ ടെഹ്്റാന്റെ എലൈറ്റ് ഫോഴ്സിന്റെ കൈകളിലാണെന്നാണ് ഇറാന്റെ വാദം. കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാല്‍ നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വഴി  ചൈനയുടെ കപ്പലുകള്‍ മാത്രം ഇറാന്‍ കടത്തിവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈന ഇറാനോട് കാണിക്കുന്ന മൃദുസമീപനത്തിന്റെ ഭാഗമായാണ് നീക്കം.  ആഗോള സമ്പദ് വ്യവസ്ഥ തകരാറിലാകുമെന്ന ചൈനയുടെ മുന്നറിയിപ്പിനെതുടര്‍ന്നാണ് ഇറാന്‍ നിലപാട് മാറ്റിയതെന്നും കരുതുന്നു. അതുകൊണ്ട് ചൈനീസ് കപ്പലുകള്‍ക്ക് മാത്രം ഹോര്‍മുസ് വഴി പോകാന്‍ അനുവദിച്ചേക്കും. ഇതിന്റെ ചുവടുപിടിച്ച് സുരക്ഷിത യാത്രയ്ക്ക് പുതിയ വഴികൾ തേടുകയാണ് മറ്റ് ചരക്കുകപ്പലുകൾ.  കഴിഞ്ഞ വ്യാഴാഴ്ച ഒമാൻ തീരം ചേർന്ന് കടലിടുക്ക് കടന്ന 'അയൺ മെയ്ഡൻ' എന്ന കപ്പല്‍ ലക്ഷ്യസ്ഥാനം 'ഫോർ ഓർഡേഴ്സ്' എന്നതിൽ നിന്ന് 'ചൈനീസ് ഉടമ' എന്നാക്കി മാറ്റിയിരുന്നു.  ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 മുതല്‍ 50 ശതമാനംവരെ ഹോര്‍മുസ് വഴിയാണ് വരുന്നത്. അതിനാല്‍ തന്നെ കടലിടുക്കിലെ തടസങ്ങള്‍ ചൈനയെ നേരിട്ട് ബാധിച്ചേക്കും. ഈ സാഹചര്യത്തിലാണ് ഇറാന്‍റെ ഇടപെടല്‍. 

ENGLISH SUMMARY:

Tensions are high as Iran is engulfed in war, with Israeli-US attacks occurring in Tehran and other regions. The conflict has led to significant explosions and retaliatory actions by Iran against oil tankers in Kuwait's waters and against Israel in Tel Aviv and Jerusalem.