Image Credit : Facebook

തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലുകള്‍ കഴുകി ആ വെളളം കുടിക്കണമെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സുദേഷ് ബേരി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് നടന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. മോദി വിഷ്ണുവിന്‍റെ അവതാരമാണെന്ന് പറഞ്ഞ് സുദേഷ് കോക്രോച്ച് ജനതാ പാർട്ടിക്കാർ ഭ്രാന്തന്മാരും ഉപയോഗശൂന്യരാണെന്നും അധിക്ഷേപിച്ചു. സുദേഷിന്‍റെ പരാമര്‍ശങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ രാഹുല്‍ ഗാന്ധി പറഞ്ഞ അന്ധഭക്തരില്‍പ്പെട്ടയാളാണ് നടനെന്ന് സോഷ്യല്‍ലോകത്ത് വിമര്‍ശനങ്ങളുയര്‍ന്നു. 

ടെലിവിഷന്‍ പരമ്പരകളിലൂടെയും ബോര്‍ഡര്‍ പോലുളള ഹിറ്റ് ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സുദേഷ് ബേരി. ജൂലൈ 28ന് പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റ് പരിപാടിയിലാണ് താരം സിജെപിയെയും സിജെപി പ്രവര്‍ത്തകരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സുദേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ..'അവരുടേത് വിചിത്രമായ ഒരു ജീവിയുടെ പേര് ഉപയോഗിച്ചുള്ള പാർട്ടിയാണ്. എന്തുകൊണ്ടാണ് അവർക്ക് ഒരു കഴുതപ്പുലി പാർട്ടി ഉണ്ടാക്കിക്കൂട? സിജെപിയില്‍ ചേരാൻ എനിക്ക് ഫോൺ കോൾ വന്നിരുന്നു, പക്ഷേ ഞാൻ ആ നമ്പർ ബ്ലോക്ക് ചെയ്തു. അവരോടൊപ്പം ചേരാൻ എനിക്ക് യാതൊരു താത്പര്യവുമില്ലായിരുന്നു. ജന്തർ മന്തറിൽ ഇരുന്ന് പുതിയ പാർട്ടികൾ ഉണ്ടാക്കുന്ന ആളുകൾ രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ല. എപ്പോഴും സമരം ചെയ്യുന്നതിന് പകരം വൃദ്ധസദനങ്ങൾക്കോ കുട്ടികൾക്കോ വേണ്ടി ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യൂ. ചില വ്യവസായികളുടെ പിന്തുണയോടെയാണ് ഇത്തരം കൂട്ടായ്മകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത്. ഈ ആളുകൾക്ക് നിലവാരമില്ല, വിലയുമില്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിന് പകരം അവർ അതിന് തടസം നിൽക്കുക മാത്രമാണ് ചെയ്യുന്നത്' സുദേഷ് പറഞ്ഞു. 

അതേസമയം സുദേഷ്  പ്രധാനമന്ത്രി  നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞതിങ്ങനെ..'എന്തുകൊണ്ടാണ് ചില ആളുകൾ നിരന്തരം മോദിജിയെ വിമർശിക്കുന്നത്? നരേന്ദ്ര മോദി നിങ്ങൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ചായ വിറ്റ് തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയെ ലോകമെമ്പാടും പ്രശസ്തമാക്കി. ചിലർക്ക് അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാൻ കഴിയുന്നില്ല. ഞാൻ മോദിജിയുടെ കാൽ കഴുകി ആ വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയല്ല. നമ്മൾ ദൈവത്തെ കാണാതെ ആരാധിക്കുന്നത് പോലെയാണ് ഞാൻ മോദിജിയെ ബഹുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിഷ്ണുവിന്റെ ഒരു അവതാരമാണ്. അദ്ദേഹം സാധാരണക്കാരനല്ല. അദ്ദേഹം ഈ രാജ്യത്തേക്ക് രാമരാജ്യം കൊണ്ടുവരികയാണ് ചെയ്തതെന്നും' സുദേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം പോഡ്കാസ്റ്റിന്‍റെ പ്രസ്തുത ഭാഗങ്ങള്‍ സൈബറിടത്ത് വൈറലായതോടെ രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. 

 

ENGLISH SUMMARY:

Bollywood actor Sudesh Berry has expressed extreme admiration for Prime Minister Narendra Modi, stating he wishes to wash and drink the water from Modi's feet. He praised Modi as an avatar of Vishnu while criticizing the Cockroach Janata Party (CJP) in a podcast interview.