Image Credit : Twitter (X)

കർണാടകയിലെ തുമകുരുവിലുള്ള ഒരു ജ്വല്ലറിയിൽ നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജ്വല്ലറിയില്‍ നിന്നും മോഷണം പോയത്. തൊട്ടടുത്ത ദിവസം കടതുറക്കാനെത്തിയ ജീവനക്കാരാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം ഉടമയെ അറിയിച്ചത്. ജ്വല്ലറി കുത്തിത്തുറന്നതിന്‍റെയോ അകത്ത് ബലം പ്രയോഗിച്ച് കളളന്‍ കടന്നതിന്‍റെയോ യാതൊരു ലക്ഷണവും ജ്വല്ലറിയില്‍ ഉണ്ടായിരുന്നില്ല. മോഷണത്തിലെ ഈ അസ്വാഭാവികതയാണ് ഉടമയെ സിസിടിവി കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

 

റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ഡയമണ്ട് മോതിരവും 3 നെക്​ലെസുമാണ് ജ്വല്ലറിയില്‍ നിന്നും മോഷണം പോയത്. മോഷണവിവരം പൊലീസില്‍ അറിയിക്കും മുന്‍പ് സിസിടിവി പരിശോധിച്ച ജ്വല്ലറി ഉടമ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. മോഷണം നടന്നതും, ആഭരണങ്ങള്‍ പോയി എന്നതും ശരിതന്നെ എന്നാല്‍ അതിനു പിന്നില്‍ ഒരു എലിയാണെന്ന തിരിച്ചറിവ് ജ്വല്ലറിയിലെ എല്ലാ ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു. ജ്വല്ലറിയിലെ സ്ഥിരിതാമസക്കാരനായ എലിയാണ് കേസിലെ പ്രതി. എലി ആഭരണങ്ങള്‍ ഇരിക്കുന്ന ഷെല്‍ഫിലൂടെ ഓടിനടക്കുന്നതും ആഭരണങ്ങള്‍ കവരുന്നതും കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

 

കളളനെ കണ്ടെത്തിയതോടെ പകുതി ആശ്വാസമായെങ്കിലും ആഭരണങ്ങള്‍ എങ്ങനെ വീണ്ടെടുക്കും എന്ന ചിന്തയായിരുന്നു പിന്നീട് ജ്വല്ലറി ഉടമയെ കുഴക്കിയത്. ജ്വല്ലറിയുടെ മുക്കും മൂലയും പരിശോധിച്ചതോടെ എലിയുടെ മാളം കണ്ടെത്താനായി. മാളം കുഴിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചപ്പോള്‍ കാണാതായ 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സുരക്ഷിതമായി മാളത്തിനകത്ത് ഇരിക്കുന്നു. എല്ലാം യാതൊരു കേടുപാടും കൂടാതെ വീണ്ടെടുക്കാനായെന്ന് ജ്വല്ലറി ഉടമ പറയുന്നു. അതേസമയം മോഷണദൃശ്യങ്ങള്‍ സൈബറിടത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

 

ENGLISH SUMMARY:

A jewelry store in Tumakuru, Karnataka, experienced a peculiar theft where approximately Rs 10 lakh worth of jewelry went missing. The discovery that a mouse was responsible for stealing the items and hiding them in its burrow has gone viral.