vd-adoor

സര്‍ക്കാര്‍ – പാര്‍ട്ടി ഏകോപനമില്ലെന്ന വിമര്‍ശനം ബലപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ നീക്കം സജീവമാക്കി വീണ്ടും ഒരുവിഭാഗം നേതാക്കള്‍. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച്  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രംഗത്തെത്തി. ജി.എന്‍.എ വൈദ്യുതി വാങ്ങുന്നില്ലെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫ് പറഞ്ഞത്  മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ് വ്യക്തമാക്കുന്നതെന്ന് അടൂര്‍ പ്രകാശ് പരിഹസിച്ചു. 

 

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മന്ത്രിമന്ദിരത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെഎസ്ഇബി സി.എം.ഡി എന്‍.പ്രശാന്ത് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയതും പിന്നാലെ ജിഎന്‍എ വൈദ്യുതി വാങ്ങുന്നില്ലെന്ന വിവരം പുറത്തുവരുന്നതും. എല്ലാം മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് പറഞ്ഞ സണ്ണി ജോസഫിന്റെ വാക്കുകള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. 

 

കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന്റെ അതൃപ്തി മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന്റെ രണ്ടാം സീസണുമായി രംഗത്തെത്താന്‍ അടൂര്‍ പ്രകാശിന് പ്രേരണയായി. സണ്ണി ജോസഫിന്റെ പ്രതികരണം മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്നതിന്റെ തെളിവാണ് അടൂര്‍ പരിഹസിച്ചു. 

 

എം.കെ.മുനീറും ജി.ദേവരാജനും ക്യാബിനറ്റ് പദവികള്‍ നല്‍കിയതില്‍ കൂടിയാലോചനയുണ്ടായില്ലെന്ന് മുന്‍പ് വിമര്‍ശിച്ച അടൂര്‍, യുഡിഎഫ് യോഗം ചേരാത്തതിലുള്ള അമര്‍ഷം ഒരിക്കല്‍ കൂടി രേഖപ്പെടുത്തി. എല്ലാം യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിയോട് ചോദിക്കാനായിരുന്നു അടൂരിന്റെ മറുപടി. മുന്‍പ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അടൂര്‍ പറഞ്ഞത് വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടാത്തതിലുള്ള അമര്‍ഷത്തിന്റെ ഭാഗമാണ്. ഏതായാലും പുതിയ വിമര്‍ശനങ്ങളുടെ ചുവടുപിടിച്ച് പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാക്കാനാണ് നേതാക്കളുടെ നീക്കം. 

 

‘പവര്‍’ഫുള്‍ അസംതൃപ്തി

 

ജി.എന്‍.എ വൈദ്യുതി കരാറുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന കെ.എസ്.ഇ.ബിയുടെ തീരുമാനം വൈദ്യുതി മന്ത്രിയും ഡയറക്ടര്‍ ബോര്‍ഡും അറിയാതെ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചതില്‍ മന്ത്രി സണ്ണി ജോസഫിന്‍റെ അതൃപ്തി തുടരുകയാണ്. അതൃപ്തി പരിഹരിക്കാന്‍ കെ.സ്.ഇ.ബി ചെയര്‍മാന്‍ എന്‍.പ്രശാന്ത് സണ്ണി ജോസഫിനെ നേരില്‍ക്കാണും. വൈദ്യുതി ക്ഷാമമെന്ന് വരുത്തി ജി.എന്‍.എയുമായി കരാറുണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതില്‍  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എ.വി ഗോവിന്ദന്‍ ആരോപിച്ചു.

 

Also read: KPCC അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം; എപി അനിൽ കുമാറിന്‍റെ പേരും സജീവം

മന്ത്രി മാത്രമല്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ദൈനംദിന കാര്യങ്ങള്‍ അറിയിക്കുന്നതിനുള്ള ഓണ്‍ലൈന്‍ യോഗത്തിലും ജിഎന്‍എ വൈദ്യുതി കരാറിന്‍റെ കാര്യം ചെയര്‍മാന്‍ അറിയിച്ചില്ല. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിയില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനപ്പുറം റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും ജി.എന്‍.എ വഴിയുള്ള വൈദ്യുതി ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. യൂണിറ്റിന് പതിനാല് രൂപ അന്‍പത് പൈസ നിരക്കില്‍ ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ രണ്ട് തവണ സര്‍ക്കാരിന് കത്തെഴുതിയ മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തിന്‍റെ നടപടിയില്‍ വിശദമായ അന്വേഷണവുമുണ്ടാവും. 

 

അതൃപ്തി പരിഹരിക്കാന്‍ മന്ത്രി സണ്ണി ജോസഫുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ കൂടിക്കാണും. വൈദ്യുതി ക്ഷാമമുണ്ടെന്ന് വരുത്തി സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

കേന്ദ്രത്തിന്‍റെ നൂറ്റി അന്‍പത് മെഗാവാട്ട് വൈദ്യുതി വിഹിതം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ നീട്ടിയത് കെ.എസ്.ഇ.ബിക്ക് ആശ്വാസമായി. ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന വൈദ്യുതിയാണ് സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ച് ഊര്‍ജമന്ത്രാലയം നീട്ടിയത്. 

 

ENGLISH SUMMARY:

Malayala Manorama Online News reports on the renewed internal friction within the Congress party and the UDF in Kerala, as leaders publicly criticize the Chief Minister over government-party coordination and the recent KSEB electricity controversy.