kpcc-discussion

TOPICS COVERED

കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്താനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ദീപാവലിക്ക് ശേഷം തുടങ്ങും. ഇതിന് മുന്നോടിയായി അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ മന്ത്രി എ.പി.അനില്‍കുമാറിന്‍റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. അനില്‍ അധ്യക്ഷനായാല്‍ മന്ത്രിസഭാ പുനഃസംഘടന വേണ്ടിവരുമെന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. അതേസയമം, ബോര്‍ഡ് കോര്‍പറേഷന്‍ നിയമനങ്ങള്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ നേതൃത്വം വേഗത്തിലാക്കി. 

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിയും ഒക്കെയാകാന്‍ പോയവര്‍ ഒന്നിലേറെയുണ്ട്. ചരിത്രത്തില്‍ ഒരാള്‍ മാത്രമേ അധ്യക്ഷനാകാന്‍ മന്ത്രിസ്ഥാനം ഒഴി‍ഞ്ഞിട്ടുള്ളു. സി.വി.പത്മരാജന്‍. സണ്ണി ജോസഫിന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കാനിരിക്കെ, ആ ചരിത്രം ആവര്‍ത്തിക്കുമോയെന്നതിലാണ് കൗതുകം.

റവന്യൂ മന്ത്രിസ്ഥാനം ഒഴിഞ്ഞ് എ.പി.അനില്‍കുമാര്‍ അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. വി.ഡി.സതീശന്‍ മന്ത്രിസഭാ രൂപീകരണത്തിന്‍റെ തുടക്കത്തില്‍ മന്ത്രിയാകാന്‍ താല്‍പര്യക്കുറവുണ്ടായിരുന്ന അനില്‍കുമാര്‍ പ്രധാന വകുപ്പായ റവന്യൂ കൈകാര്യം ചെയ്യുന്നതിനാല്‍ ഇപ്പോള്‍ തൃപ്തനാണ്. എന്നാല്‍, പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അനുസരിക്കുമെന്ന നിലപാടിലാണ് നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായ അനില്‍കുമാര്‍. കെ.സി.വേണുഗോപാലിന്‍റെ വിശ്വസ്തനായ അനില്‍കുമാര്‍ അധ്യക്ഷനായാല്‍ കെ.സി ക്യാമ്പില്‍ നിന്ന് ആര് മന്ത്രിയാകുമെന്നതും പ്രധാനവിഷയമാണ്.

തിരുവഞ്ചൂറിനെ മന്ത്രിസഭയിലെത്തിച്ച് സണ്ണി ജോസഫിനെ സ്പീക്കറാക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും സണ്ണിക്ക് അതിനോട് താല്‍പര്യമില്ലെന്നാണ് സംസാരം. അതേസമയം, മന്ത്രിസഭാ പുനസംഘടനയ്ക്ക് വഴിവയ്ക്കുന്ന ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. സര്‍ക്കാര്‍ അധികാരത്തിലെത്തി  ആറുമാസത്തിനുള്ളില്‍ ഒരു പുനസംഘടന മുഖ്യമന്ത്രി ആഗ്രഹിക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

അനൗദ്യോഗിക ചര്‍ച്ചകള്‍ പലവഴിക്ക് നീങ്ങുമ്പോള്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹ്നാന്‍, ജോസഫ് വാഴക്കന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനികള്‍.  അതേസമയം, കെ.പി.സി.സി അധ്യക്ഷ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുന്‍പ് ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. 

KPCC President election discussions and cabinet reshuffle possibilities are gaining momentum in Kerala politics after Deepawali. :