File image
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം. യു.ഡി.എഫ് ചെയർമാന്‍ കൂടിയായ മുഖ്യമന്ത്രി കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്നെന്ന് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സിയിൽ വാർത്താസമ്മേളനം വിളിച്ച് തുറന്നടിച്ചു. അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെയാണ് പാർട്ടിയിലെ പോര് പുറത്തായത്.
Also read: ‘യുഡിഎഫിലെ പല കാര്യങ്ങളും ഞാനറിയുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് അടൂര്‍ പ്രകാശ്
കോൺഗ്രസ് ആസ്ഥാനമായ കെപിസിസിയിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താ സമ്മേളനം. തീരുമാനിച്ചുറപ്പിച്ചു വന്ന അടൂർ പ്രകാശ് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചു. കാബിനറ്റ് പദവികളിലേക്കുള്ളപുതിയ നിയമനങ്ങൾ അടക്കം പലതും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് യോഗം വിളിച്ചു ചേർത്തിട്ട് നാലുമാസമായെന്നും ഉപതിരഞ്ഞെടുപ്പിൽ അടക്കം ഏകോപനം ഉണ്ടായില്ലെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിലും പ്രതിരോധത്തിന് മുതിരാതെ തീരുമാനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന വിമർശനമാണ് അടൂർ പ്രകാശ് ഉയർത്തിയത്. വൈദ്യുതി പ്രതിസന്ധിയടക്കം ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും കൺവീനർ പറഞ്ഞു വച്ചു. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ എം കെ മുനീറിന് നിയമനം നല്‍കിയതിനു പിന്നാലെയാണ് കോൺഗ്രസിലെ പാളയത്തിൽ പട പുറം ലോകമറിഞ്ഞത്. ആറാമതൊരു കാബിനറ്റ് പദവി കൂടി മുസ്ലിം ലീഗിന് നല്കുമ്പോൾ ലീഗിൻ്റെ സമ്മർദങ്ങൾക്ക് സർക്കാർ വഴിപ്പെടുന്നുവെന്ന പ്രതീതി ദേശീയ തലത്തിൽ തന്നെ ചർച്ചയാകുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഭരണ പരിഷ്‌കാര കമ്മിഷൻ വേണോ എന്നതിൽ നയപരമായ തീരുമാനമാണ് വേണ്ടിയിരുന്നതെന്നും കെ. സി വേണുഗോപാൽ അനുകൂലികൾ വാദിക്കുന്നു.
അതേസമയം കാബിനറ്റ് പദവികളിൽ നേരത്തെ തന്നെ ധാരണയായിരുന്നു എന്നാണ് മറുവിഭാഗം തിരിച്ചടിക്കുന്നത്. കാബിനറ്റ് പദവികളിലെ പുതിയ തീരുമാനങ്ങൾക്കപ്പുറം വി ഡി സതീശനെതിരെ പാർട്ടിയിൽ കുറച്ചുനാളായി ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പതുക്കെ പെയ്തു തുടങ്ങി എന്നാണ് വ്യക്തമാകുന്നത്. വിമാനയാത്രയടക്കം സമീപകാല
വിവാദങ്ങളെ മന്ത്രിമാർക്കെതിരെ സിപിഎം നടത്തുന്ന ആക്രമങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിരോധിക്കാൻ ശ്രമിക്കുന്ന അതേ സമയത്ത് തന്നെയാണ്
പാർട്ടിയിലെ എതിർ ഗ്രൂപ്പ് മറ നീക്കുന്നതെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ അതൃപ്തിയുടെ സൂചന നല്‍കി പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പാർട്ടി വേദിയിൽ തന്നെ ചർച്ച ചെയ്യുമെന്ന് കെ.സി.വേണുഗോപാലും ബെന്നി ബഹനാനും പ്രതികരിച്ചു. അടൂര്‍ പ്രകാശിനെ തളളിയ കെ മുരളീധരന്‍ നിയമനങ്ങള്‍ യുഡിഎഫിന്‍റെ ഏകകണ്ഠമായ തീരുമാനമായിരുന്നു എന്നു വിശദീകരിച്ചു.
അതേസമയം, അടൂര്‍ പ്രകാശിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പൊലീസും ഒപ്പമുള്ളവരും നിര്‍ദേശിച്ചു.
യുഡിഎഫ് കണ്‍വീനറുടെ അഭിപ്രായങ്ങളോടു മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും മറുപടി നല്‍കുമെന്നു റോജി എം. ജോണ്‍ പ്രതികരിച്ചു. അതെല്ലാം യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവര്‍ നോക്കിക്കൊള്ളും. നിങ്ങള്‍ ചോദിക്കുമ്പോഴെല്ലാം മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ല. പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പറയും . കൂടിയാലോചിച്ച് തന്നെയാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും റോജി കൂട്ടിച്ചേര്‍ത്തു
എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കിയതില്‍ പ്രതികണമാരാഞ്ഞ മാധ്യമങ്ങളോട് പാർട്ടി വിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞ് കെ സി വേണുഗോപാലാണ് അതൃപ്തിയുടെ ആദ്യ സൂചനകള്‍ പരസ്യമാക്കിയത്. 'അഭിപ്രായമുണ്ട്, അത് പാര്‍ട്ടിയില്‍ പറയുമെന്ന് ബെന്നി ബഹനാന്‍ പ്രതികരിച്ചു. നിയമനങ്ങള്‍ യുഡി എഫ് തീരുമാനമെന്നായിരുന്നു കെ . മുരളീധരന്റെ നിലപാട്. അതൃപ്തി പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബാക്കിയെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ ആലങ്കാരിക പദവി അല്ലെന്ന് എം.കെ. മുനീര്‍ പറഞ്ഞു. ആരെയെങ്കിലും അക്കമഡേറ്റ് ചെയ്യാനുള്ള പദവി ആണെന്ന് കരുതുന്നില്ലെന്നും മുനീര്‍ പ്രതികരിച്ചു