adoor-vd

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യപ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പാര്‍ട്ടിയിലെ പല കാര്യങ്ങളും യുഡിഎഫ് കൺവീനറെ അറിയിച്ചിട്ടില്ല. താനറിയാതെ പല കാര്യങ്ങളും യുഡിഎഫിനുള്ളിൽ  നടക്കുന്നു. ഇക്കാര്യത്തില്‍ എഐസിസിയെ അതൃപ്തി അറിയിക്കും. ഇപ്പോഴത്തെ നിയമനങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ക്യാബിനറ്റ് പദവി ലഭിച്ച രണ്ടുപേരെ തള്ളിപ്പറയുകയല്ല. എന്നാല്‍ ഇത്തരം കാര്യങ്ങൾ യുഡിഎഫ് അറിഞ്ഞിരിക്കണം. 

യുഡിഎഫ് യോഗം ചേരാനും കഴിയുന്നില്ല.  ചെയർമാനായ മുഖ്യമന്ത്രിയാണ് യോഗത്തിന് മുൻകൈ എടുക്കേണ്ടത്. ഉപതെരഞ്ഞെടുപ്പിൽ വേണ്ടവിധത്തിലുള്ള ഏകോപനമുണ്ടായില്ല. 

മുന്നണിയിലെ കാര്യങ്ങള്‍ ചോദിക്കുമ്പോൾ മറുപടി പറയാനാകുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് യുഡിഎഫ് യോഗം വിളിക്കാനാകുക. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ചെവിയിലേക്ക് ഓതേണ്ടതില്ല.  വൈദ്യുതി  പ്രതിസന്ധി ഉണ്ടായതിന്‍റെ കാരണം അറിയാം.   ഇത് പലരിലും അതൃപ്തിയുണ്ടാക്കി. മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, അടൂര്‍ പ്രകാശിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.  ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പൊലീസും ഒപ്പമുള്ളവരും നിര്‍ദേശിച്ചു. 

യുഡിഎഫ് കണ്‍വീനറുടെ അഭിപ്രായങ്ങളോടു  മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും മറുപടി നല്‍കുമെന്നു റോജി എം. ജോണ്‍ പ്രതികരിച്ചു. അതെല്ലാം യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവര്‍ നോക്കിക്കൊള്ളും. നിങ്ങള്‍ ചോദിക്കുമ്പോഴെല്ലാം  മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ല. പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പറയും . കൂടിയാലോചിച്ച് തന്നെയാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും റോജി കൂട്ടിച്ചേര്‍ത്തു

ENGLISH SUMMARY: