പഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിണറായി സര്‍ക്കാര്‍ 787 സ്റ്റാഫുകളെ നിയമിച്ചെന്ന് വി.ഡി സതീശന്‍ ആരോപിച്ചപ്പോള്‍ അഞ്ഞൂറില്‍ താഴയെ ഉള്ളെന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍ പിണറായിയുടെ കണക്ക് തെറ്റാണെന്ന സൂചനയാണ് വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2025 ഏപ്രിലില്‍ പിണറായി സര്‍ക്കാര്‍ തന്നെ തന്ന വിവരാവകാശ രേഖയാണ് അദേഹത്തിന് തിരിച്ചടിയാകുന്നത്.
. Also Read: ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; എല്ലാം ഉണ്ടയില്ലാ വെടി: പിണറായി വിജയന്‍
രണ്ടാം പിണറായി സര്‍ക്കാര്‍ ആകെ 715 പഴ്സനല്‍ സ്റ്റാഫുകളെ നിയമിച്ചെന്നാണ് വിവരാവകാശ രേഖ. പക്ഷെ ഈ 715 പേരും ഒരേ സമയം ജോലി ചെയ്തവരല്ല. ചിലര്‍ ഇടക്കുവെച്ച് രാജിവെച്ച് പോയിട്ടുണ്ട്. വളരെ കുറച്ച് പേര്‍ മരിച്ചുപോയിട്ടുണ്ട്. അതെല്ലാം ഒഴിവാക്കുമ്പോള്‍ ഒരേ സമയം 610 പേര്‍ പഴ്സനല്‍ സ്റ്റാഫായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ഒപ്പമുണ്ടായിരുന്നു. അങ്ങിനെ വരുമ്പോള്‍ ഈ രണ്ട് കണക്കും അഞ്ഞൂറില്‍ താഴെയെന്ന പിണറായി വിജയന്‍റെ അവകാശവാദത്തെ പൊളിക്കുന്നതാണ്.
രണ്ടാം സര്‍ക്കാരില്‍ പിണറായി വിജയന്‍ ആകെ 43 പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചു. ചിലര്‍ ഇടയ്ക്ക് മാറിയതുകൊണ്ട് ഒരേ സമയം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് 35 പേരാണ്. മന്ത്രിമാരില്‍ പി.എ. മുഹമ്മദ് റിയാസ് 36 പേരെ ആകെ നിയമിച്ചപ്പോള്‍ ഒരേസമയം 24 പേരാണ് അദേഹത്തിനെ സഹായിക്കാന്‍ ഉണ്ടായിരുന്നത്. നിയമമന്ത്രിയായിരുന്ന പി.രാജീവ് ആകെ നിയമിച്ചത് 27 പേരെയാണ്. ഒരേസമയം 25 പേര്‍ അദേഹത്തിനൊപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി 31 പേരെ നിയമിച്ചു. ഒരേ സമയം 25 പേര്‍ ജോലി ചെയ്തു. വാസവന്‍ ആകെ 35 പേരെ നിയമിച്ചപ്പോള്‍ 24 പേര്‍ തുടര്‍ച്ചയായി ഒപ്പമുണ്ടായിരുന്നു. ബാലഗോപാല്‍ 26 പേരെയാണ് നിയമിച്ചത്. സ്ഥിരമായുണ്ടായിരുന്നത് 23 പേര്‍. സി.പി.ഐ മന്ത്രിമാരായ കെ.രാജന്‍ 26 പേരെ നിയമിച്ചപ്പോള്‍ 25 പേരെ സ്ഥിരമായി നിലനിര്‍ത്തി. ജി.ആര്‍ അനില്‍ ആകെ 31 പേരെ നിയമിച്ചപ്പോള്‍ സര്‍വസമയവുമുണ്ടായിരുന്നത് 24 പേരാണ്. ചിഞ്ചുറാണി 30 പേരെ നിയമിച്ച് 25 പേരെ കൂടെ നിര്‍ത്തി. പി.പ്രസാദ് 29 പേരെ നിയമിച്ചു 25 പേരെ നിലനിര്‍ത്തി.
രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയ ആന്‍റണി രാജു 25 പേരെയും അഹമ്മദ് ദേവര്‍കോവില്‍ 26 പേരെയും നിയമിച്ചിരുന്നു. ഇവര്‍ രാജിവെച്ചതോടെ ഇവരെ പൂര്‍ണമായി മാറ്റി. പകരം വന്ന കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ സ്റ്റാഫിനെ കൂടെ നിര്‍ത്തിയില്ല. പകരം 25 പേരെയും പുതിയതായി എടുത്തു. ഇതോടെ പഴ്സനല്‍ സ്റ്റാഫ് നിയമനത്തിലെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു.
ചീഫ് വിപ്പായിരുന്ന എന്‍.ജയരാജ് ആകെ 27 പേരെ നിയമിച്ചു. 25 പേരെ പൂര്‍ണസമയം കൂടെ നിര്‍ത്തിയിരുന്നു. ഇങ്ങിനെ വരുമ്പോളാണ് പിണറായിയും വി.ഡി.സതീശനും തമ്മിലുള്ള തര്‍ക്കത്തില്‍ പിണറായി വിജയന്‍റെ അഞ്ഞൂറില്‍ താഴെ സ്റ്റാഫെന്ന കണക്ക് തെറ്റുന്നത്.