പ്രതിപക്ഷനേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിനും എതിരെ ഇ.ഡി നീങ്ങുന്നതിനിടെ പാർട്ടിയിലെ സംഘടനാ വീഴ്ചകൾ പരിഹരിക്കാൻ സിപിഎമ്മിന്റെ മൂന്നു ദിവസത്തെ വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട് തുടക്കം. മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി.
കേരളത്തിന് പുറത്തുനിന്നുള്ള പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ ഉൾപ്പെടെ 307 പേർ പങ്കെടുക്കും. പാർട്ടിയിലെ തെറ്റായ പ്രവണതകൾ തിരുത്തി ജനവിശ്വാസം വീണ്ടെടുക്കുന്നതിനുള്ള കർമ്മ പരിപാടിയുടെ കരട് രേഖ സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്നുള്ള കർശന നിർദേശമാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പാർട്ടി നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെതിരെ ഇ ഡി നീക്കം ഉണ്ടെങ്കിലും പാർട്ടിയുടെ സംഘടന കാര്യങ്ങളിൽ ഊന്നി ആയിരിക്കും ചർച്ചകൾ നടക്കുക.
ജനവിശ്വാസം തിരിച്ചുപിടിക്കാൻ മാർഗ്ഗ രേഖയുമായി സിപിഎം. വീഴ്ചകളിലെ സ്വയം വിമർശനവും പരിഹാരമാർഗ്ഗങ്ങളും അടങ്ങുന്ന രേഖ വിശാല സംസ്ഥാന സമിതിയിൽ ഇന്ന് അവതരിപ്പിക്കും. ജനങ്ങളുമായി ബന്ധം നേതൃത്വം പുനസ്ഥാപിക്കണമെന്നും വിനയത്തോടെ നേതാക്കൾ പെരുമാറണമെന്നും രേഖ. വീഴ്ചകൾ പരിഹരിക്കാൻ വൈകിയാൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന കരട് രേഖയുടെ വിശദാംശങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
പിണറായി വിജയനിലൂടെ ഇഡി ലക്ഷ്യംവയ്ക്കുന്നത് പാര്‍ട്ടിയെതന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം നേതാവെന്ന നിലയിലാണ് പിണറായിയെ ഇഡി വേട്ടയാടുന്നത്. സിപിഎമ്മിനും ഇടതുമുന്നണിക്കും അതില്‍ സംശയമില്ല. സിപിഐക്കും മറ്റൊരു നിലപാടുണ്ടാവില്ലെന്നും എം.വി.ഗോവിന്ദന്‍
എവിടൊക്കെ തിരുത്തല്‍ വേണോ അവിടൊക്കെ തിരുത്തുമെന്ന് മുഹമ്മദ് റിയാസ്. അണികള്‍ തിരുത്തണമെന്ന് പറഞ്ഞത് ദുര്‍വ്യാഖ്യാനംചെയ്തു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും കാര്യമാണ് പറഞ്ഞതെന്നും സമിതിയംഗങ്ങള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാമെന്നും ആരും തടയില്ലെന്നും റിയാസ് പറഞ്ഞു. വിശാല സമിതി ചേരുന്നത് ഇ.ഡി അന്വേഷണം ചർച്ച ചെയ്യാനല്ലെന്ന് ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് തോൽവിയും സംഘടനാ വീഴ്ചയുമാണ് ചർച്ച ചെയ്യുകയെന്നും ഇപി പറഞ്ഞു.