മുസ്്ലിം ലീഗിന്റെ മന്ത്രിമാരുടെ പട്ടിക നേതൃത്വത്തിന് കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി, കെഎം. ഷാജി, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാര്‍. 

പി.കെ കുഞ്ഞാലിക്കുട്ടിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. 

 

വി.ഡി.സതീശൻ മന്ത്രിസഭയുടെ അന്തിമചിത്രം ഉടന്‍ തെളിയും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധന, തുറമുഖ വകുപ്പുകള്‍ വഹിച്ചേക്കും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും.  സണ്ണി ജോസഫിന് റവന്യു വകുപ്പ് ലഭിച്ചേക്കും . ആരോഗ്യം കെ.മുരളീധരനും എക്സൈസ് എം.ലിജുവിനും ലഭിക്കുമെന്നാണ് സൂചന. എ.പി.അനില്‍ കുമാറിന് ടൂറിസം നല്‍കിയേക്കും. ചാണ്ടി ഉമ്മന് കായികമോ യുവജനക്ഷേമമോ ലഭിച്ചേക്കും . ഗതാഗതം സി.പി.ജോണിന് നല്‍കിയേക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും  ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമായേക്കും. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും.  അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിയായേക്കും. ആദ്യ ടേം അനൂപ് ജേക്കബിന്. 

 

അതേസമയം, മന്ത്രി പദത്തില്‍ രണ്ടരവര്‍ഷം എന്ന വ്യവസ്ഥ സ്വീകാര്യമല്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി.കാപ്പന്‍. നിലപാട് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലായില്‍ താന്‍ മടങ്ങിയെത്തുന്നത് കൊടിവച്ച കാറിലായിരിക്കുമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നേതാക്കള്‍ വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

വയനാടിന് മന്ത്രിയുണ്ടോയെന്ന്  പാർട്ടി തീരുമാനിക്കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ വകുപ്പിനോട് നീതി പുലര്‍ത്തി അഴിമതിരഹിതമായി പ്രവര്‍ത്തിക്കുമെന്ന് എം.ലിജു പറഞ്ഞു.

 

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സെക്രട്ടറിയേറ്റിന് തൊട്ടു പിറകിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത പൊലീസ് ബന്തവസിലാണ് വേദി നിർമ്മാണം. സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തുടക്കവും ഒടുക്കവും ദേശീയ ഗാനത്തോടൊപ്പം വന്ദേമാതരവും ആലപിക്കും. തമിഴ് നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് എത്തുന്നതില്‍ തീരുമാനം വന്നിട്ടില്ല

 

Also Read: മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രണ്ട്; പൊലീസ് ഭരണം എങ്ങനെ

 

പന്തീരായിരം പേര്‍ക്ക് പന്തലില്‍ ഇരുന്ന് നേരിട്ട് കാണാം. അത്രതന്നെ ആളുകള്‍ കൂടുതലായി സ്റ്റേഡിയത്തിലെത്തുമെന്നാണ് കരുതുന്നത്. അതിനായി കൂറ്റന്‍ വീഡിയോ സ്ക്രീനുകള്‍ തയാറാക്കും. കനകക്കുന്ന് ഉള്‍പ്പടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഈ സൗകര്യം ഉണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് നാട്ടിലെ രീതിയാകില്ല. അവിടെ  നിയുക്ത മുഖ്യമന്ത്രിക്കു പുറമേ മറ്റു വിഐപികളും വേദിയിൽ ഇരുന്നു .  സത്യപ്രതിജ്ഞയെക്കുശേഷം മുഖ്യമന്ത്രി സി.ജോസഫ് വിജയ്, ഗവർണർ വേദിയിൽ നിൽക്കെ, സദസിനെ അഭിസംബോധനചെയ്യുകയും ചെയ്തു. 

 

എന്നാല്‍, കേരളത്തില്‍ ഇതുവരെ പിന്തുടര്‍ന്ന മാകൃകയാകും സത്യപ്രതിജ്ഞാ ചടങ്ങില്‍.  ചീഫ് സെക്രട്ടറി പേരു വിളിക്കുന്നതനുസരിച്ച് ആദ്യം മുഖ്യമന്ത്രിയും പിന്നാ ലെ മന്ത്രിമാരും പ്രതിജ്‌ഞ ചൊല്ലിഅധി കാരമേൽക്കും.ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവര്‍ പങ്കെടുക്കും. തമിഴ്നാ‌ട് മുഖ്യമന്ത്രി വിജയിനെയും ക്ഷണിച്ചിട്ടുണ്ട്.

 

സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനിലെത്തി ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുക്കും. തുടർന്നു സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗം ചേരും.

ENGLISH SUMMARY:

Malayala Manorama Online News covers the latest updates on the Kerala cabinet formation and the list of Muslim League ministers. The article details the selection of PK Kunhalikutty as the legislative party leader and potential portfolios for other key leaders.