കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. സോനയുടെ മരണം ആസൂത്രിത കൊലപാതകമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

അതേസമയം, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമികനിഗമനം. കാറിനുള്ളിലെ വയറിങിനും ഇന്ധനടാങ്കിനും തകരാറുകളില്ലെന്ന്  മോട്ടോര്‍ വാഹനവകുപ്പും ഫോറന്‍സിക് വിദഗദ്ധരും നടത്തിയ പരിശോധനയില്‍ കണ്ടെത്തി.  തീപിടിത്തമുണ്ടായത് കാറിന്‍റെ പിന്നില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. മേപ്പയൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Also Read: കാറില്‍ ഒരാൾ കൂടി ഉണ്ടെന്നറിഞ്ഞത് തീ അണച്ച ശേഷം; തീ പടർന്നത് പിന്‍ഭാഗത്ത് നിന്ന്

വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ കാറിന് തീപിടിച്ച് കക്കറമുക്ക് സ്വദേശി റിജിന്‍ ലാലിന്‍റെ ഭാര്യ സോന മരിച്ചത്. ആറുമാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് റിജിന്‍ ലാല്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിലെ നാട്ടുകാർക്ക് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. രാത്രി ഒന്പത് മാണിക്ക് സ്ഫോടന ശബ്ദം കേട്ട് റോഡിലേക്ക് ഇറങ്ങി നോക്കുമ്പോഴാണ് കാർ ആളി കത്തുന്നത് കാണുന്നത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി തീ അണക്കാൻ ശ്രമിച്ചു

തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന റിജിൻ ലാൽ പുറത്തിറങ്ങിയെങ്കിലും പിൻസീറ്റിലായിരുന്ന ഭാര്യ സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. റോഡിനോട് ചേർന്നുള്ള തോട്ടിൽ ഇറങ്ങി റിജിൻ തീ ദേഹത്ത് പടർന്ന തീ അണക്കാൻ ശ്രമിച്ചു. കാറിലെ തീ പൂർണമായി അണച്ചപ്പോഴാണ് ഒരാൾ കൂടി കാറിനുള്ളിൽ ഉണ്ടെന്നു റിജിൻ നാട്ടുകാരോട് പറയുന്നത്.

മൂന്നു വർഷം മു‍ൻപാണ് രജിൻലാലും സോനയും വിവാഹിതരായത്. പ്രണയവിവാഹം ആയിരുന്നു. വിദേശത്തായിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്. 

ENGLISH SUMMARY:

A pregnant woman tragically died in a car fire in Perambra Cheruvannoor, Kerala. Preliminary investigations by the Motor Vehicles Department and forensic experts have ruled out a short circuit as the cause, finding no issues with the car's wiring or fuel tank.