sona-car-accident

TOPICS COVERED

കോഴിക്കോട് പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച അപകടത്തില്‍, കാറിന്‍റെ പിൻ ഭാഗത്തു നിന്നാണ് തീ പടർന്നതെന്ന് ഫോറന്‍സിക്  കണ്ടെത്തല്‍. അതേസമയം തീപിടിത്ത കാരണം കണ്ടെത്താനായിട്ടില്ല. കക്കറമുക്ക് സ്വദേശി പൂവത്തുംചാലിൽ സോനയാണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് റിജിന്‍ലാല്‍ ചികില്‍സയിലാണ്. 

പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിലെ നാട്ടുകാർക്ക് ഇനിയും ഞെട്ടൽ മാറിയിട്ടില്ല. രാത്രി ഒന്പത് മാണിക്ക് സ്ഫോടന ശംബ്ദം കേട്ട് റോഡിലേക്ക് ഇറങ്ങി നോക്കുമ്പോഴാണ് കാർ ആളി കത്തുന്നത് കാണുന്നത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി തീ അണക്കാൻ ശ്രമം.

തീ ഉയർന്നതോടെ കാർ ഓടിച്ചിരുന്ന റിജിൻ ലാൽ പുറത്തിറങ്ങിയെങ്കിലും പിൻസീറ്റിലായിരുന്ന ഭാര്യ സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. റോഡിനോട് ചേർന്നുള്ള തോട്ടിൽ ഇറങ്ങി റിജിൻ തീ ദേഹത്ത് പടർന്ന തീ അണക്കാൻ ശ്രമിച്ചു. കാറിലെ തീ പൂർണമായി അണച്ചപ്പോഴാണ് ഒരാൾ കൂടി കാറിനുള്ളിൽ ഉണ്ടെന്നു റിജിൻ നാട്ടുകാരോട് പറയുന്നത്. 

കാറിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കാറിന്റെ പിൻ ഭാഗത്തു നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്ത കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. 60 ശതമാനത്തോളം പൊള്ളലേറ്റ റിജിൻ ലാൽ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആറുമാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ENGLISH SUMMARY:

Pregnant woman tragically died in a car fire in Perambra, with forensic findings indicating the fire originated from the rear of the vehicle. Although the exact cause of the fire remains undetermined, the incident has deeply shocked the local community.