കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതയുടെ രൂപീകരണ കണ്‍വെന്‍ഷന്‍.കോഴിക്കോട് ലോ കോളജില്‍ നിന്നും പരിപാടിക്കെത്തിയ സാധാരണ എംഎസ്എഫ് പ്രവര്‍ത്തകയായ ഫാത്തിമ തഹിലിയ യാദൃശ്ചികമായി പരിപാടിയുടെ അധ്യക്ഷയായി. ഹരിതയുടെ സ്ഥാപക നേതാക്കളിലൊരാളായി. ഹരിത നേതാവ് ലീഗിന്‍റെ ആദ്യ വനിതാ എംഎല്‍എയാകുമ്പോള്‍ അത് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ കരുത്തുറ്റ അടയാളപ്പെടുത്തലുകളിലൊന്നാവുകയാണ്.
നിയമസഭയിലേക്ക് മത്സരിക്കാന്‍ പേരാമ്പ്രയിലേക്ക് വണ്ടി കേറുമ്പോള്‍ ഫാത്തിമ തഹിലിയയ്ക്ക് മുന്നിലുണ്ടായിരുന്നത് 45 വര്‍ഷം കൊണ്ട് ഇടതുമുന്നണി കെട്ടിപ്പൊക്കിയൊരു ചുവന്ന കോട്ട. ടി.പി രാമകൃഷ്ണനെന്ന വന്‍മരം 5087നാണ് ഫാത്തിമയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. പതിറ്റാണ്ടുകള്‍ നീണ്ട ഇടതുബന്ധം മുറിച്ച് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതോടെ 2026 ലെ വമ്പന്‍ അട്ടിമറികളിലൊന്നായി ഫാത്തിമ തഹിലിയയുടെ ജയം.
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുണ്ടായ മണ്ഡലമായിരുന്നു പേരാമ്പ്ര. യുഡിഎഫ്– ജമാഅത്ത് ബന്ധം ചര്‍ച്ചയാക്കിയ മണ്ഡലം. ജമാഅത്തിന് പിന്നാലെ അനൗൺസ്മെന്റ് വിവാദം. ‘നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് ലീഗുകാര്‍ പറയുന്നു' എന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ 'നമ്മുടെ കുട്ടിയായി' കണ്ട് ഫാത്തിമ തഹിലിയയെ പേരാമ്പ്ര വിജയിപ്പിച്ചു.
2012 ല്‍ ഹരിത രൂപീകരിക്കുമ്പോള്‍ പ്രഥമ ജോയിന്‍റ് സെക്രട്ടറിയായിരുന്നു ഫാത്തിമ. കോളജിലെ അക്കാദമിക് കുട്ടി അങ്ങനെ പൊളിറ്റിക്കലായി. ലീഗിനുള്ളിലെ വനിതാ പ്രാതിനിധ്യത്തില്‍ ഹരിതയുടെ ശബ്ദം എന്നും നിര്‍ണായകമായിരുന്നു. പോഷക സംഘടനകളിൽ 20% വനിതാസംവരണം ഏർപ്പെടുത്താനുള്ള മുസ്‌ലിംലീഗ് തീരുമാനത്തിന് വഴികാട്ടിയായതും ഹരിതയാണ്. ഇക്കാലത്തുണ്ടായ ഹരിത വിവാദമാണ് ഫാത്തിമ തഹിലിയയെ മാധ്യമ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിത നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്നായിരുന്നു വിവാദം. പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കാണിച്ച് ഹരിത നേതൃത്വം വനിതാ കമ്മിഷനിലെത്തി. വിവാദത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ടവരിലൊരാളാണ് ഫാത്തിമ. പിന്നീട് സാദിഖലി തങ്ങൾ നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതും തിരിച്ചെടുത്തതും.
മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ, സംസ്ഥാന കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം ഉണ്ടാകുമ്പോള്‍ കമ്മിറ്റിയിലെത്തിയവരില്‍ ഫാത്തിമ തഹിലിയയുമുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയാണവര്‍. നിലവില്‍ കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡ് കൗൺസിലറുമാണ്.
1970ൽ ഡോ.കെ.ജി.അടിയോടിയും 1977ൽ കേരള കോൺഗ്രസിലെ ഡോ. കെ.സി.ജോസഫുമാണ് പേരാമ്പ്രയില്‍ നിന്നും മുന്‍പ് ജയിച്ച യുഡിഎഫ് എംഎല്‍എമാര്‍. 55 വർഷത്തിനിടയിൽ 2 തവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലം ഫാത്തിമ തഹിലിയ പിടിച്ചെടുക്കുമ്പോള്‍ വീണത് എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടി.പി രാമകൃഷ്ണനാണ്. ഇടതുപക്ഷത്തേ എണ്ണംപറഞ്ഞ കനത്തതോല്‍വികളില്‍ ഒന്ന്.