Untitled design - 1

അനർഹമായ ഒരു പരാജയമാണെന്ന് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറ്റിയറ്റംഗം എം സ്വരാജ്. കനത്ത പരാജയമാണ് എൽഡിഎഫിന് സംഭവിച്ചത്. യുഡിഎഫിന് മികച്ച വിജയവും നേടാനായി.

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽഡിഎഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ലെന്നാണ് സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.  "രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ " എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം. പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം. 

എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും. തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്. കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട്.  തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും. 

തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും. 

ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും.  ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ, തീർച്ച. –  സ്വരാജ് കുറിച്ചു. 

നിലവില്‍ 103 സീറ്റുകളിലാണ് യുഡഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, തിരുവമ്പാടിയില്‍ സി.കെ.കാസിം, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പന്‍ കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചുകയറിയത്. 26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്. 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ആലത്തൂരില്‍ 8553 വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്. 6741 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലിന്‍റോ ജോസഫിനെതിരെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി കാസിം നേടിയത്. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ജയം ഉറപ്പിച്ചു. 29386 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ യു.ആര്‍.പ്രദീപിന്‍റെ ജയം.

ENGLISH SUMMARY:

M. Swaraj, a CPM state secretariat member, believes the LDF's defeat in the Kerala Assembly elections was undeserved, citing comprehensive progress during their tenure despite the unexpected loss to the UDF. He suggests voter apathy and a desire for change, rather than a rejection of their governance, contributed to the outcome, emphasizing the party's readiness to self-correct and reaffirm its commitment to the people.