വിഡിയോയില്‍ നിന്നുള്ള ചിത്രം
കോഴിക്കോട് ചെറുവണ്ണൂരില്‍ അങ്ങേയറ്റം ദാരുണമായ സംഭവമാണ് ഇന്നലെയുണ്ടായത്. ആറുമാസം ഗര്‍ഭിണിയായിരുന്ന 27കാരി സോനയും ഭര്‍ത്താവ് റിജിന്‍ലാലും ആശുപത്രിയില്‍ പോയി തിരിച്ചുവരുന്ന വഴി കാറിന് തീപിടിച്ചു. പെട്ടെന്ന് വണ്ടി നിര്‍ത്തി ഡ്രൈവര്‍ സീറ്റില്‍ നിന്നും റിജിന്‍ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ ആളിപ്പടരുകയായിരുന്നു. തീയണയ്ക്കാനായി റിജിന്‍ തൊട്ടടുത്ത തോട്ടിലേക്ക് ചാടി. അതേസമയം പിന്‍വശത്തിരുന്ന സോന കാറിന്റെ ഡോര്‍ ലോക്കായതിനെത്തുടര്‍ന്ന് സീറ്റിലിരുന്ന് വെന്തുമരിച്ചു. റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും ഏറെ പ്രയാസപ്പെട്ടു.
പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുക്കാനായത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. മേപ്പയൂർ പൊലീസും ഫയർഫോഴ്സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ആശുപത്രിയിൽ സോനയെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.