കോഴിക്കോട് നരിക്കുനിയില്‍ കടമുറിയില്‍ യുവാവിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിനേഷിന്‍റെ ഒമ്പതുവയസുള്ള മകളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നരിക്കുനിയിലെ ഇരുനില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ കടയിലാണ് രാവിലെ ഒമ്പതുമണിയോടെ തീപടരുന്നതായി കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ ഒമ്പതുകാരിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയാണ് അച്ഛന്‍ വിനേഷിന് പൊള്ളലേറ്റ കാര്യം പറയുന്നത്.
തുടര്‍ന്ന് കടയ്ക്കുള്ളില്‍ നിന്ന് വിനേഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു ഓണ്‍ലൈന്‍ ട്രേഡിങ്ങ് സ്ഥാപനം നടത്തുകയാണ് വിനേഷ്. ഇതുമായി ബന്ധപ്പെട്ടുള്ള കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിനേഷിന്‍റെ ആത്മഹത്യാകുറിപ്പും കടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാലുശേരി പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു