Untitled design - 1

തിരഞ്ഞെടുപ്പിൽ ജനവിധി എതിരായിരുന്നുവെങ്കിലും, കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെയും ഫലമായ മറ്റൊരു വലിയ അംഗീകാരം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണെന്ന് മുന്‍ മന്ത്രി പി രാജീവ്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ 'Logistics Ease Across Different States (LEADS) 2025' റാങ്കിംഗിൽ കേരളം മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ വലിയ അഭിമാനമുണ്ട് എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. 

'കഴിഞ്ഞ വർഷം 'ആസ്പൈറർ' വിഭാഗത്തിലായിരുന്ന കേരളം, ഇത്തവണ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന 'ഹൈ പെർഫോമേഴ്സ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ലഭിച്ച വലിയൊരു സാക്ഷ്യപത്രമാണ്. കയറ്റുമതിയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ചരക്കുനീക്ക സേവനങ്ങളുടെ കാര്യക്ഷമതയുടെ അളവുകോലാണ് ഈ ലോജിസ്റ്റിക് പ്രകടന റാങ്കിംഗ്.

ഞങ്ങൾ പ്രഖ്യാപിച്ച ലോജിസ്റ്റിക്സ് നയവും, 'ഇൻവെസ്റ്റ് കേരള' സമ്മിറ്റിലൂടെ സംരംഭകർ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച് ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഈ വലിയ നേട്ടത്തിന് പ്രധാന കാരണമായി മാറി. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലകളിലും വെയർഹൗസിംഗ് സംവിധാനങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാർ 25% ഫണ്ടിംഗ് നൽകുന്ന NH-66 വികസനം, 13 ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ ചരക്കുനീക്കം അതിവേഗത്തിലാക്കി. കൂടാതെ, ചരക്കുകളുടെ നീക്കം തത്സമയം നിരീക്ഷിക്കാനുള്ള 'ട്രാക്ക് ആൻഡ് ട്രേസ്' സംവിധാനങ്ങളിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും കേരളം ഇന്ന് ദേശീയ തലത്തിൽ തന്നെ മികച്ച നിലവാരം പുലർത്തുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യതയിലും നാം കൈവരിച്ച പുരോഗതിയും ഈ റാങ്കിംഗിൽ നിർണ്ണായകമായിട്ടുണ്ട്. നിക്ഷേപകർക്ക് ലോജിസ്റ്റിക്സ് പാർക്കുകൾക്കും മറ്റും വേഗത്തിൽ അനുമതി നൽകുന്നതിന് K-SWIFT എന്ന ഏകജാലക സംവിധാനം ഞങ്ങൾ ഫലപ്രദമായി നടപ്പിലാക്കി. 7 കോടി രൂപ വരെയുള്ള മൂലധന സബ്‌സിഡികളും സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളും ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ ഈ മേഖലയിൽ വലിയ നിക്ഷേപങ്ങൾ എത്തിക്കാൻ സഹായിച്ചു. പുതുതായി വരുന്ന സർക്കാരും ഈ നയങ്ങൾ  തുടരുമെന്ന്  വിശ്വസിക്കുന്നു. ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രയത്നിച്ച ഉദ്യോഗസ്ഥരെയും വ്യവസായികളെയും മറ്റ് സ്റ്റേക്ക്ഹോൾഡർമാരെയും  ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.'– അദ്ദേഹം കുറിച്ചു.   

ENGLISH SUMMARY:

Kerala has achieved a significant milestone by being recognized as a 'High Performer' in the LEADS 2025 rankings. This achievement highlights the state's efficient logistics and supply chain improvements, leading to economic growth and enhanced connectivity.