പിണറായി വിജയന്‍ (ഫയല്‍ ചിത്രം)
പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ പിണറായിക്ക് എല്ലാം താനാണ്, താന്‍ തീരുമാനിക്കും എന്ന ഭാവമാണെന്നും അത് നന്നല്ലെന്നും രൂക്ഷവിമര്‍ശനമുന്നയിക്കുന്നു. പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
യജമാനനും ഭൃത്യനും തമ്മിലുളള ബന്ധമല്ല മുന്നണി എന്നും സിപിഐ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടതാണ് ചോദിച്ചതെന്ന് സിപിഐ നേതാവ് കെ രാജന്‍ പ്രതികരിച്ചപ്പോള്‍ പിണറായിയുടേത് ഏകപക്ഷതീരുമാനമല്ലെന്നായിരുന്നു സിപിഎം നേതാവ് വി.ശിവന്‍കുട്ടിയുടെ പ്രതികരണം. സിപിഎം രാഷ്ട്രീയ ഉത്തരവാദിത്തം കാണിക്കണമെന്ന് സിപിഐ നേതാവ് പി.പ്രസാദും മനോരമ ന്യൂസിനോട് പറഞ്ഞു.
ഉപനേതൃപദവി സംബന്ധിച്ച് സിപിഐ അവകാശവാദമുന്നയിക്കുമ്പോള്‍ സിപിഎം നേതാവ് തന്നെ ഉപനേതാവ് ആകുമെന്ന പിണറായി വിജയന്‍റെ പരസ്യ പ്രഖ്യാപനമാണ് സിപിഐയെ ചൊടിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവിക്കായി ഏതറ്റം വരെ പോകാനും ഒരുങ്ങുകയാണ് സിപിഐ. പിണറായി വിജയന്‍റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് സിപിഐ നേതാക്കള്‍ക്കിടയിലെ ധാരണ.
രാജ്യത്തെ മുതിര്‍ന്ന ഇടത് നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്ലെന്ന്, പിണറായി വിജയന്‍ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഉപനേതൃപദവി സിപിഐയുടെ ന്യായമായ ആവശ്യമാണ്. ഈ വിഷയത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കാന്‍ പിണറായി വിജയനോട് മാധ്യമങ്ങള്‍ പറയണം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഡല്‍യിലെത്തുമ്പോള്‍ ഈ വിഷയം വീണ്ടും ഉന്നയിച്ചേക്കുമെന്നും ഇന്നലെ ഡി.രാജ പ്രതികരിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസവും പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. പദവി സിപിഎമ്മിന്‍റേത് തന്നെയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് താന്‍ കത്ത് നല്‍കുമെന്നുമായിരുന്നു പിണറായി വിജയന്‍റെ നിലപാട്. എന്നാല്‍ പിണറായി വഴങ്ങിയില്ലെങ്കില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടാനും മുന്നണിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ ആലോചിക്കുന്നുണ്ട്. മകളുടെ ഇഡി കേസില്‍ സിപിഐ പിന്തുണയ്ക്കാത്തതാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നാണ് സിപിഐയുടെ അനുമാനം. വീണയുടേത് രാഷ്ട്രീയക്കേസ് അല്ലെന്നും അങ്ങനെ നേരിടേണ്ടതില്ലെന്നുമാണ് ഇക്കാര്യത്തില്‍ സിപിഐ വാദം.