Untitled design - 1

ഒരു സമ്മർദ ശക്തിക്കും വഴങ്ങില്ലെന്ന് സർക്കാരിന്‍റെ നൂറാം ദിനം മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തില്‍ മുഖ്യമന്ത്രി. നിക്ഷിപ്ത താൽപര്യത്തോടെ വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളുമെന്നും വി.ഡി.സതീശന്‍. മൂന്ന് മാസം തികയും മുൻപ് സർക്കാരിനെ അപമാനിക്കാൻ ശ്രമമുണ്ടായി. ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. വാർത്തകൾ സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചെന്ന നീചമായ പ്രചരണമുണ്ടായി എന്നാല്‍ മെറ്റയുടെ വിശദീകരണത്തോടെ വ്യാജ പ്രചാരകർ ഇനി എന്ത് പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കുമെന്ന ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും 'സഹാനുഭൂതിയും സദ്ഭരണവും' മുൻനിർത്തിയുള്ള 'പുതുയുഗ കേരളം' കെട്ടിപ്പടുക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 597 പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതും, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും സഭക്കാരന്‍റെ ജനക്ഷേമ നിലപാടിന് തെളിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 'ഇന്ദിരാ ഗ്യാരണ്ടികൾ' വഴി സാമൂഹിക ക്ഷേമത്തിന് മുൻഗണന നൽകുന്നതിനൊപ്പം മുതിർന്ന പൗരന്മാർക്കായി വയോജന വകുപ്പും ആരംഭിച്ചു. രൂക്ഷമായ ധനപ്രതിസന്ധിക്കിടയിലും ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്താതെയാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി 13 സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ 310 കോടി രൂപയും മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കുടുംബമൊന്നിന് 2 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ലഹരി മാഫിയയെ നിർമാര്‍ജനം  ചെയ്യുന്നതിനായി 'ഓപ്പറേഷൻ തൂഫാൻ' ആരംഭിക്കുകയും പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാമ്പത്തിക- വ്യാവസായിക മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന 400 കോടി രൂപയുടെ 'മിഷൻ സമുദ്ര' പദ്ധതിക്കും തുടക്കം കുറിച്ചു. 'SEMICON Kerala', ഇന്‍വെസ്റ്റ് കേരള സെൽ, പുതിയ വിദേശ നിക്ഷേപ നയങ്ങൾ എന്നിവ വഴി 2,145 കോടി രൂപയുടെ നിക്ഷേപങ്ങളും 31,000-ത്തിലധികം തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്.

മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്ന തിരുത്തലുകളെ സഹിഷ്ണുതയോടെ സ്വീകരിക്കുമെന്നും എന്നാൽ നിക്ഷിപ്ത താൽപ്പര്യത്തോടെയുള്ള അപകീർത്തിപ്പെടുത്തലുകളെ അവജ്ഞയോടെ തള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾക്ക് വ്യക്തമായ മുൻഗണനാക്രമം നിശ്ചയിച്ച് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് യുവതലമുറയെ സ്വന്തം മണ്ണിൽ വേരുറപ്പിച്ചു നിർത്തുന്നതിനുള്ള കർമ്മ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan stated that his government will not succumb to any pressure tactics or politically motivated attacks as it marks its 100th day in office. He criticized certain groups for attempting to defame the administration within the first three months with the backing of specific media outlets. Addressing recent controversies, he condemned false propaganda claiming government intervention to remove news reports and highlighted Meta's clarification. Furthermore, the Chief Minister reaffirmed his administration's resilience and commitment to public welfare despite ongoing opposition criticism.