Image: Manorama

Image: Manorama

ചരിത്ര ഭൂരിപക്ഷത്തിന്റെ ഭാരിച്ച ഉത്തരവാദിത്തം ചുമലിലേറ്റി വി.ഡി.സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് നൂറ് ദിനം. ജനക്ഷേമ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള യാത്രയ്ക്കിടെ സര്‍ക്കാരിന് കൈപ്പൊള്ളിയത് ഏതാനും നിയമനങ്ങളിലും പി.എം ശ്രീയിലും മാത്രമാണ്. ആശാ– അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചും ഓണക്കാലത്ത് ബോണസും ഉത്സവബത്തയും നല്‍കിയും സപ്ളൈക്കോയില്‍ അവശ്യസാധനങ്ങള്‍ ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തിയും ജനക്ഷേമം മുറുകെ പിടിച്ചാണ് മുന്നോട്ടുപോക്ക്.

വി.ഡി.സതീശനും മന്ത്രിമാരും സത്യവാചകം ചൊല്ലുമ്പോള്‍ നേരിട്ട് സാക്ഷിയാകാനും എത്തിയത് പതിനായിരങ്ങളാണ്. സെക്രട്ടേറിയറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തും പിണറായി കാലത്തെ പൊലീസ് അകമ്പടി വെട്ടിക്കുറച്ചും മുഖ്യമന്ത്രിയും കാബിനറ്റും. കയ്യടി വാങ്ങി. തിര‍ഞ്ഞെടുപ്പ് ജയിക്കാന്‍ മുന്നോട്ടുവച്ച അഞ്ചു ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള നടപടികളുമായിട്ടായിരുന്നു തുടക്കം. നീണ്ട പത്തുവര്‍ഷത്തിന് ശേഷം മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനവും എരിവേറിയ ചോദ്യങ്ങള്‍ക്കും മറുപടിയും.

അധികാരത്തിലേറ്റ് ഒരുമാസം തികയും മുന്‍പ് കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യത്തിന്റെ പുതുയുഗയാത്ര അനുവദിച്ച് ചരിത്രംകുറിച്ചു. ധവളപത്രം പുറത്തിറക്കി പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കിയ ശേഷം സാമ്പത്തിക പ്രതിസന്ധിയുടെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രിയുടെ കന്നിബജറ്റ്. മിഷന്‍ സമുദ്രയിലൂന്നി പുതുയുഗ കേരളത്തിന് തറക്കല്ല്. ലഹരിക്കെതിരായ തുറന്നയുദ്ധം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പിന്റെ തൂഫാനാകട്ടെ രാജ്യശ്രദ്ധ പിടിച്ചുപറ്റി. 

ഈ നൂറ് ദിനത്തിനിടെ സര്‍ക്കാരിന് കൈപ്പൊള്ളിയത് ഏറെ നിയമനങ്ങളിലാണ്. മന്ത്രി സണ്ണി ജോസഫ് പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ നിയമിച്ചതും സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം പ്ളീഡറാക്കിയതും തിരുത്തേണ്ടിവന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും ഗവര്‍ണമെന്റ് പ്ളീഡറുടെയും നിയമനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ അവഗണിച്ചും മുന്നോട്ടുപോയി. മുന്‍ സര്‍ക്കാരിന്റെ ധാരണാപത്രത്തെ പടചട്ടയാക്കി പി.എം.ശ്രീയിലെ യുടേണും രാഷ്ട്രീയമായി നേരിട്ടു. 

ENGLISH SUMMARY:

The VD Satheesan-led government in Kerala has officially completed its first 100 days in office with a historic mandate and a strong focus on public welfare. Key initiatives during this period included increasing honorariums for ASHA and Anganwadi workers, ensuring essential supplies through Supplyco, and introducing free KSRTC bus travel for women. While the administration gained widespread praise for opening the secretariat to the public and cutting down police escorts, it faced political backlash over a few controversial appointments and its stance on the PM SHRI scheme. Nonetheless, the government remains committed to its election guarantees and financial management reforms as it moves forward.