ഓണത്തോടനുബന്ധിച്ച് ആലപ്പുഴ കൊട്ടാരപ്പാലത്തിലെ പൂക്കടയിലെ കാഴ്ച. ചിത്രം: മനോരമ
തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ട്. പൂവിപണിയും പച്ചക്കറി വിപണിയെയും മഴ ബാധിച്ചേക്കും അതിന്റെ ആശങ്കയിലാണ് കച്ചവടക്കാര്‍.
11 ജില്ലകളിലാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ജില്ലകള്‍ ഒഴികെയുള്ളിടത്താണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടം വ്യാപകമായി മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കടലും പ്രക്ഷുബ്ധമാണ്. കണ്ണൂര്‍ – കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് കിട്ടുന്നത്.
തിരുവോണമായ നാളെയും മധ്യകേരളത്തില്‍ പരക്കെ മഴ കിട്ടും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളതീരത്തു നിന്ന് കടലില്‍പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.
അതേസമയം, തിരുവോണ ദിവസമായ നാളെയും ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഇന്ന്, ഉത്രാടനാളിലെ തിരക്കൊഴിവാക്കാന്‍ ഓരോ ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ബവ്കോ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടയിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊലീസ് നിരീക്ഷണവും ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവോണ നാളില്‍ ബവ്കോയും കണ്‍സ്യൂമര്‍ഫെഡും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ബാറുള്‍പ്പെടെ പൂര്‍ണമായും അടഞ്ഞുകിടക്കും.