vd-rc-politics

മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആയിരിക്കില്ല ഇത്തവണ പൊലീസ് സേനയുടെ തലവനെന്ന് ഉറപ്പായി. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ഇതോടെ പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടാകുന്നത്. 2011ലെ യു.ഡി.എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയുമായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്. അതിന് മുന്‍പുള്ള വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും കൈവശംവെക്കുകയായിരുന്നു.

പൊലീസിനെ ആര് നയിക്കും?

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് പേരാകുന്നതോടെ പൊലീസ് വകുപ്പിന്‍റെ അധികാരം ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍, വകുപ്പിലെ മാറ്റങ്ങള്‍ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ആഭ്യന്തരമന്ത്രി തന്നെയാവും. വിജിലന്‍സും ആഭ്യന്തരമന്ത്രിയുടെ കീഴിലായതിനാല്‍ അഴിമതി വിരുദ്ധ നടപടികളുടെ മേല്‍നോട്ടവും ആഭ്യന്തരമന്ത്രിക്ക് തന്നെ.

ഐ.പി.എസുകാരുടെ ബോസ് മുഖ്യമന്ത്രി

പൊലീസ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ആഭ്യന്തര മന്ത്രിയാണങ്കിലും പൊലീസ് സേനയുടെ തലപ്പത്തുള്ള ഐ.പി.എസുകാരുടെ കാര്യത്തിലെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്കായിരിക്കും. ഐ.പി.എസും ഐ.എ.എസും ഉള്‍പ്പടെയുള്ള അഖിലേന്ത്യാ സര്‍വീസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പായതിനാലാണ് അത്. അതോടെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പടെ പൊലീസ് തലപ്പത്തെ അഴിച്ചുപണികളിലെല്ലാം അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് തുടരും. 

ഡി.ജി.പി നിയമനത്തിലും മുഖ്യമന്ത്രിക്ക് അധികാരം

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോളും നിലവിലുള്ള ഡി.ജി.പി റവാഡാ ചന്ദ്രശേഖറിന് തുടരാനാവും. അദേഹത്തിന് 2027 ജൂണ്‍ വരെ കാലാവധിയുള്ളതിനാലാണ്. അതുകൊണ്ട് 2027 ജൂലൈ ഒന്ന് മുതലാവും യു.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആദ്യ ഡി.ജി.പി സംസ്ഥാനത്തുണ്ടാവുക. ഈ ഡി.ജി.പിയുടെ നിയമനത്തിലും അന്തിമ അധികാരം മുഖ്യമന്ത്രിക്കാണ്. കേന്ദ്രത്തിലേക്ക് യോഗ്യതയുള്ളവരുടെ പട്ടിക കൈമാറുന്നതും കേന്ദ്രം നല്‍കുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതിലുമെല്ലാം മുഖ്യമന്ത്രിയാവും അന്തിമവാക്ക്. പക്ഷെ ആഭ്യന്തരമന്ത്രി ഉള്ളപ്പോള്‍ ഇരുവരും കൂടി ആലോചിച്ച് കൂട്ടായ തീരുമാനത്തില്‍ എത്തേണ്ടിവരും.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ആര്‍ക്ക് കൈമാറും?

സര്‍ക്കാരിന്‍റെ ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളിലൊന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ്. എല്ലാദിവസവും ഇന്‍റലിജന്‍സ് മേധാവി സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ നേരിട്ടെത്തി കുറിപ്പ് നല്‍കുകയും പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ടോ അത് വിശദീകരിച്ച് പറയുകയുമാണ് രീതി. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇല്ലങ്കില്‍ ഫോണില്‍ വിളിച്ചും വിശദീകരിക്കും. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി കൂടി വരുന്നതോടെ ഈ വിവരം ആര്‍ക്ക് കൈമാറുമെന്നത് അതീവ നിര്‍ണായകമാണ്.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് എന്നാല്‍ പൊലീസിലെ കാര്യങ്ങള്‍ മാത്രമല്ല. സംസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടായി സര്‍ക്കാരിനെ അറിയിക്കാറുണ്ട്. അതില്‍ പൊലീസിന് പുറമെ വിവിധ വകുപ്പുകളില്‍ നടക്കുന്ന പ്രശ്നങ്ങളുണ്ടാവും, മുന്നറിയിപ്പുകളുണ്ടാവും സാമ്പത്തിക പ്രശ്നങ്ങളുണ്ടാവും ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയേക്കുറിച്ചുള്ള സൂചനകളുണ്ടാവും. 

ഇതില്‍ പൊലീസുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് ആഭ്യന്തരമന്ത്രി അറിയേണ്ടത്. ബാക്കി കാര്യങ്ങള്‍–പ്രത്യേകിച്ച് മറ്റ് വകുപ്പുകളേക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈമാറേണ്ടത് മുഖ്യമന്ത്രിക്കാണ്. അതിനാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് പേരാകുന്നതോടെ ഇന്‍റലിജന്‍സ് മേധാവിയുടെ പണികൂടി. ഇനി ഒരു ദിവസം രണ്ട് പേരോടും വിശദീകരിക്കേണ്ടിയും കുറിപ്പ് നല്‍കേണ്ടിയും വരും. മുഖ്യമന്ത്രിയോട് പറയുന്ന എല്ലാകാര്യങ്ങളും ആഭ്യന്തരമന്ത്രിയോടും പറയുമോ എന്നത് അതീവ നിര്‍ണായകമാണ്. അത് ഉദ്യോഗസ്ഥന്‍റെ വിവേചനാധികാരവും ഉദ്യോഗസ്ഥനും മന്ത്രിമാരും തമ്മിലുള്ള അടുപ്പം പോലെയുമിരിക്കും.

നിയമസഭക്കുള്ളില്‍ എന്ത് സംഭവിക്കും

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അടിയന്തിര പ്രമേയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതുമെല്ലാം പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും. മുഖ്യമന്ത്രിയേക്കൊണ്ട് മറുപടി പറയിക്കുക, മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുകയെല്ലാം പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം കൂടിയായിരിക്കും. എന്നാല്‍ മുഖ്യമന്ത്രിക്ക് പൊലീസ് ഭരണം ഇല്ലാത്തതിനാല്‍ ഇനി അത്തരം വിവാദങ്ങളിലെല്ലാം മറുപടി പറയേണ്ട ബാധ്യത ആഭ്യന്തരമന്ത്രിക്കായിരിക്കും. ഒരുപക്ഷെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണത്തിന് ഇരയാകാന്‍ പോകുന്നതും ആഭ്യന്തരമന്ത്രിയായിരിക്കും. ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞശേഷം കൂടുതല്‍ എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ മാത്രം മുഖ്യമന്ത്രി സംസാരിച്ചാല്‍ മതിയാകും.  

ENGLISH SUMMARY:

For the first time in a decade, Kerala will have separate individuals holding the posts of Chief Minister and Home Minister, with V.D. Satheesan as CM and Ramesh Chennithala taking charge of Home and Vigilance. While the Home Minister will oversee day-to-day police administration, law and order, and anti-corruption measures, the Chief Minister retains ultimate authority over IPS officer transfers and DGP appointments through the General Administration Department. This dual-control system adds complexity for the Intelligence chief, who must now brief both leaders daily—sharing home-department updates with Chennithala and broader administrative secrets with Satheesan. Furthermore, this structural shift relieves the Chief Minister from directly answering police-related controversies in the Legislative Assembly, placing that responsibility squarely on the Home Minister.