സത്യപ്രതിഞ്ജയ്ക്ക് ഒരു ദിനം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. നിലവില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഏഴ്പേരാണ് കോണ്‍ഗ്രസില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുടെ ഫൈനല്‍ പട്ടിക നാളെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി പറഞ്ഞു. രണ്ടുമണിയോടെ പട്ടിക കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്നും ദീപ ദാസ്മുന്‍ഷി പറഞ്ഞു.
വകുപ്പുകളിലും ടേം വ്യവസ്ഥയിലും തട്ടിയാണ് യുഡിഎഫ് മന്ത്രിമാരെ തീരുമാനിക്കാനുള്ള ഉഭയ കക്ഷി ചർച്ചകൾ നീളുന്നത്. മുസ് ലിം ലീഗ് അഞ്ചു മന്ത്രി സ്ഥാനം ഉറപ്പിച്ചു. അതിവേഗം പുരോഗമിക്കുന്ന ഉഭയ കക്ഷി ചർച്ചകളിൽ ടേം വ്യവസ്ഥയും വകുപ്പുകളുമാണ് കീറാമുട്ടി. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് തീർത്തു പറഞ്ഞു കേരള കോൺഗ്രസ്. എന്നാൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫറാണ് കോൺഗ്രസ് മുമ്പോട്ട് വച്ചത്. പാർട്ടി ഇതിന് വഴങ്ങിയിട്ടില്ല. കൃഷി വകുപ്പ് നല്കാമെന്ന വാഗ്ദാനവും പാർട്ടി നിരസിച്ചു. ഒരു മന്ത്രിയെങ്കിൽ പ്രധാന വകുപ്പ് വേണമെന്നാണ് ആവശ്യം.
ടേം വ്യവസ്ഥയിൽ മന്ത്രിയാകണമെന്ന നിർദേശത്തോട് മാണി സി കാപ്പനും കടുത്ത അതൃപ്തി അറിയിച്ചു. ടേം വ്യവസ്ഥ കൂടിയേ കഴിയൂ എന്നാണെങ്കിൽ ആദ്യ ടേമാണ് കാപ്പന്‍റെ ആവശ്യം. ടേം വ്യവസ്ഥയോട് അനൂപ് ജേക്കബിനും തൃപ്‌തിയില്ല. സി.പി ജോൺ ഫുൾ ടേം മന്ത്രി സ്ഥാനം ഉറപ്പിച്ചു. ജലവിഭവ വകുപ്പിൽ നങ്കൂരമിടാനാണ് ആർ എസ് പി ശ്രമം. കേരള കോൺഗ്രസുമായി ആലോചിച്ച് അറിയിക്കാമെന്ന് മറുപടി കിട്ടി. ഇതിനിടെ മുസ്‌ലിം ലീഗ് 5 മന്ത്രിസ്ഥാനം ഉറപ്പിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ എൻ. ഷംസുദ്ദീൻ, പി കെ ബഷീർ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർക്കാണ് സാധ്യത. കെ എം ഷാജി / എ കെ എം അഷ്‌റഫ് എന്നിവരുടെ പേരുകളും സജീവ പരിഗനയിലുണ്ട്.