p-rajeev

എറണാകുളത്ത് സിപിഎമ്മിനുണ്ടായ സമ്പൂര്‍ണ പരാജയത്തില്‍ മുന്‍ മന്ത്രി പി. രാജീവിന് രൂക്ഷവിമര്‍ശനം. എറണാകുളത്ത് രാജീവിന്റെ ഏകാധിപത്യമാണെന്നും ജില്ലയിലെ സമ്പൂർണ തോൽവിക്ക് കാരണം രാജീവാണെന്നുമാണ് സെക്രട്ടേറിയറ്റിലെ വിമര്‍ശനം. യോഗത്തില്‍ പിണറായി വിജയന്റേയും ഗോവിന്ദന്റേയും ശൈലിക്ക് വിമര്‍ശനമുണ്ടായി. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും ജനം ലാളിത്യം പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരിച്ചടിയായി. സ്ഥാനാർഥി പട്ടിക നിർബന്ധിപ്പിച്ചു അംഗീകരിപ്പിച്ചു എന്നുമാണ് നേതൃത്വത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനം. 

വിവിധ ജില്ലാ സെക്രട്ടേറിയറ്റില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ​ഭരണവിരുദ്ധ വികാരമല്ല, മറിച്ച് നേതൃത്വത്തിന്‍റെ പെരുമാറ്റമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. 'വീട്ടിൽ പോയി ചോദിക്ക്' എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തിനാണെന്നും, സദസിൽ നിന്നുള്ള ചോദ്യങ്ങൾ കേട്ടില്ലെന്ന് നടിച്ചുകൂടായിരുന്നോ എന്നും യോഗത്തിൽ ചോദ്യമുയർന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി പ്രവർത്തകർക്ക് ഓഫീസ് അന്യമായിരുന്നുവെന്നും വിവിധ ബോർഡുകളിൽ യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലും വിമർശനമുയർന്നു.

പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരിൽ നിന്ന് മാറ്റി മത്സരിപ്പിച്ചത് അവരെ രാഷ്ട്രീയമായി 'കുരുതി കൊടുക്കലായിപ്പോയി' എന്ന് പത്തനംതിട്ടയിൽ വിമർശനമുയർന്നു. അവിടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. ​ഒരു വിഭാഗം ഭരണത്തിന്‍റെ സുഖം അനുഭവിച്ചപ്പോൾ ഒന്നും കിട്ടാത്തവർ അസ്വസ്ഥരായതാണ് കണ്ണൂരിൽ തിരിച്ചടിയായത്. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ പാർട്ടി വിടുന്നത് തടയാൻ നേതാക്കൾ ശ്രമിച്ചില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മാറ്റണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

ENGLISH SUMMARY:

CPM Ernakulam defeat is under severe criticism, with former minister P. Rajeev facing backlash for alleged dictatorial behavior and contributing to the party's complete failure in the district. Internal party meetings revealed widespread dissatisfaction with leadership's style, candidate selections, and responses to public concerns, leading to calls for change.