VD SATHEESHAN - ( PIC BY SPL ARRANGEMENT)

VD SATHEESHAN - ( PIC BY SPL ARRANGEMENT)

  • സത്യപ്രതിജ്​ഞ ചടങ്ങ് രാവിലെ 10 മണിക്ക് തുടങ്ങും
  • ചടങ്ങില്‍ 25000 പേര്‍ നേരിട്ട് പങ്കെടുക്കും
  • ആന്ധ്ര,ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം

വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ രാവിലെ 10 മണിക്ക് തുടങ്ങും. ചടങ്ങില്‍ 25000 പേര്‍ നേരിട്ട് പങ്കെടുക്കും. തമിഴ്നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ആന്ധ്ര, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആഡംബരം വേണ്ടെന്ന് വി.ഡി.സതീശന്‍. അത്യാവശ്യം അറ്റകുറ്റപ്പണി മതിയെന്ന് നിര്‍ദേശം .  ചീഫ് സെക്രട്ടറിയുമായി വി.ഡി.സതീശന്‍ സംസാരിച്ചു.  

വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മന്ത്രിസഭ പ്രവേശനത്തില്‍ തീരുമാനമെടുക്കാതെ രമേശ് ചെന്നിത്തല. ഒപ്പമുള്ളവരെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് നിലവില്‍ ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നത്. നാലുതവണ ജയിച്ച അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. 

Read Also: ചെന്നിത്തല അതൃപ്തിയില്‍; മന്ത്രിസഭാ പ്രവേശനത്തില്‍ തീരുമാനമെടുത്തില്ല

അതേസമയം ആഭ്യന്തരത്തിനായി വിലപേശുന്നുവെന്ന റിപ്പോര്‍ട്ടിലും ചെന്നിത്തലയ്ക്ക് അമര്‍ഷമുണ്ട്. വഴുതക്കാട്ടെ വസതിയില്‍ തുടരുന്ന ചെന്നിത്തലയെ ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി.കെ ഗോവിന്ദന്‍ ഉള്‍പ്പടെയുളള എംഎല്‍എമാര്‍ വീട്ടിലെത്തി കണ്ടു. 

അതിനിടെ, മന്ത്രിസ്ഥാനങ്ങള്‍ക്കായി  സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ.സി.പക്ഷത്തിന്റെ തീരുമാനം. കെസിയെ കാണാന്‍  രാവിലെ മുതല്‍ കൂട്ടത്തോടെ നേതാക്കള്‍ എത്തുകയാണ്. ചെന്നിത്തലയുടെ പരിഭവം പരിഹരിക്കുമെന്നും നല്ലൊരു മന്ത്രിസഭ ഉണ്ടാകുമെന്നും കെ.സിയെ വീട്ടിലെത്തി കണ്ട ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിസ്ഥാനങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ.സി.പക്ഷത്തിന്റെ തീരുമാനം

ഒറ്റ എംഎല്‍എയുളള പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനത്തിനായി രണ്ടരവര്‍ഷ ഫോര്‍മുല പരിഗണനയില്‍. സി.പി.ജോണും മാണി സി.കാപ്പനും മന്ത്രിപദം പങ്കിട്ടേക്കും. പങ്കിട്ടാല്‍ ആദ്യ ഊഴം സി.പി.ജോണിനായിരിക്കും. ഫോര്‍മുല ഉഭയകക്ഷി ചര്‍ച്ചയില്‍ വരും. 

വകുപ്പ് ചര്‍ച്ചകളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്ന് അനൂപ് ജേക്കബ്. രണ്ടരവര്‍ഷം കാലയളവെന്ന ചര്‍ച്ചയും നടന്നിട്ടില്ല.  എതെങ്കിലും ഒരു വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചയിലാണ് അവയെല്ലാം ഭാഗമാകുകയെന്നും അനൂപ് ജേക്കബ് പറഞ്ഞു. 

അതേസമയം, കെ.സി. വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ആന്റോ ആന്റണി. കെ.സിയെ  പിച്ചിച്ചീന്തിയത് മാധ്യമങ്ങൾ ആണ്. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് കെസി. പാർലമെന്ററി പാർട്ടിയിൽ ചരിത്രത്തിൽ ആർക്കും കിട്ടാത്ത പിന്തുണയാണ് എംഎൽഎമാരിൽ നിന്ന്  കിട്ടിയത്. എന്നിട്ടും ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം അദ്ദേഹം നിന്നു. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും മാതൃകയാണ് കെ.സി. വേണുഗോപാൽ എന്നും ആന്റോ ആന്റണി പറഞ്ഞു.

ENGLISH SUMMARY:

The swearing-in ceremony of Kerala CM-elect VD Satheesan will begin day after tomorrow at 10 AM. Chief Ministers from Tamil Nadu, Karnataka, and Telangana will attend.