ramesh-chennithala
  • ആഭ്യന്തരത്തിനായി വിലപേശുന്നുവെന്ന റിപ്പോര്‍ട്ടില്‍ അമര്‍ഷം
  • ഒപ്പമുള്ളവരെയും മന്ത്രിയാക്കണമെന്ന് ആവശ്യം
  • ജ്യോതികുമാര്‍ ചാമക്കാല രമേശിന്റെ വസതിയിലെത്തി

മന്ത്രിസഭാ പ്രവേശനത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും ഒപ്പമുള്ളവരെ മന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ രമേശ്  ചെന്നിത്തല. നാലുതവണ ജയിച്ച അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. അതേസമയം ആഭ്യന്തരത്തിനായി വിലപേശുന്നുവെന്ന റിപ്പോര്‍ട്ടിലും ചെന്നിത്തലയ്ക്ക് അമര്‍ഷമുണ്ട്.  എല്ലാം തീരുമാനിക്കുന്നതില്‍ പാര്‍ട്ടിയെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പ്രതികരിച്ചു. 

വി.ഡി. സതീശന്‍ സര്‍ക്കാരിലെ ഘടകക്ഷി മന്ത്രിമാരെ ഇന്നറിയാം. ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. രണ്ടു മന്ത്രിസ്ഥാനമോ അല്ലെങ്കില്‍ റവന്യു, പൊതുമരാമത്ത് വകുപ്പോ വേണമെന്ന നിലപാടിലാണ്  കേരള കോണ്‍ഗ്രസ്.  ഒരു എംഎൽഎ ഉള്ള പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ ഏഴ് എംഎൽഎമാർ ഉള്ള കേരള കോൺഗ്രസിനോടും ഒരേ സമീപനം പാടില്ലെന്നാണ് പാർട്ടിയുടെ വാദം. 

ജലവകുപ്പോ വനംവകുപ്പോ വേണമെന്നാണ്  ആര്‍എസ്പിയുടെ ആവശ്യം. ചെന്നിത്തല പിടിമുറുക്കുമ്പോഴും മന്ത്രിസ്ഥാനങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ.സി.പക്ഷത്തിന്റെ തീരുമാനം. കെ.സിയെ കാണാന്‍  രാവിലെ മുതല്‍ നേതാക്കളുടെ തിരക്കാണ്. ടി.സിദ്ദിഖും  റോയ് കെ.പൗലോസും  അന്‍വര്‍ സാദത്തും കെസിയെ കണ്ടു. 

പുതിയ   സർക്കാർ തിങ്കളാഴ്ച സമ്പൂർണമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ അറിയിച്ചു.   

ENGLISH SUMMARY:

Ramesh Chennithala demands ministerial berths for Anwar Sadath and IC Balakrishnan, adding pressure on CM-elect VD Satheesan.