vedan-newsong

TOPICS COVERED

  • പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി
  • പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
  • കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ പരിശോധിച്ചു

പുലിപ്പല്ല് കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്ക് കനത്ത തിരിച്ചടി. വേടനിൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെ എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. 

കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വേടനിൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേസിലെ പ്രധാന ഘട്ടം പൂർത്തിയായെന്ന് വനം വകുപ്പ് വ്യക്തമാക്കി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് വനം വകുപ്പിന്‍റെ നീക്കം. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചുവെന്ന, മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ നിലനിൽക്കുന്നത്. നേരത്തെ കേസിൽ ചുമത്തിയിരുന്ന മൃഗവേട്ട വകുപ്പ് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞവർഷം ഏപ്രിലിലാണ് കഞ്ചാവ് കേസിന്റെ പരിശോധനയ്ക്കിടെ വേടന്റെ ഫ്ലാറ്റിൽ നിന്ന് പുലിപ്പല്ല് കണ്ടെത്തിയത്. തനിക്ക് പുലിപ്പല്ല് നൽകിയത് ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടിയാണെന്ന് വേടൻ മൊഴി നൽകിയിരുന്നു. ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. 

പിടിച്ചെടുത്ത പുലിപ്പല്ല് ഏറെ വൈകിയാണ് വനംവകുപ്പ് ശാസ്ത്രീയ പരിശോധനക്ക് അയച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിഷയത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ കേസ് എടുത്തതിന് അന്നത്തെ വനംമന്ത്രി എ. കെ.ശശീന്ദ്രൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചിരുന്നു. 

ENGLISH SUMMARY:

In a major setback for Malayalam rapper Vedan, the Kolkata zoological lab confirmed that the seized pendant is a genuine leopard tooth.