Image: Manorama

Image: Manorama

കെ കരുണാകരന്‍, എ കെ ആൻറണി, ഉമ്മൻചാണ്ടി ഉൾപ്പെടെ അതികായന്മാരോട് വിലപേശി കാര്യങ്ങൾ നേടിയെടുത്തിട്ടുള്ള മുതിർന്ന നേതാക്കളിൽ ഒരാളാണ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. ഇത്തവണ എംഎൽഎ അല്ലെങ്കിലും കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉറപ്പിച്ചെടുക്കാൻ യുഡിഎഫിലെ മന്ത്രിസഭാ ചർച്ചകളിൽ നേതൃത്വം കൊടുക്കുന്നത് ജോസഫ് തന്നെയാണ്.

ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിനെ വിട്ടുനൽകിയ കേരള കോൺഗ്രസ് ഇത്തവണ 8 സീറ്റിലാണ് മത്സരിച്ചത്. കാഞ്ഞങ്ങാട് ഒഴികെ എല്ലായിടത്തും വിജയിക്കുകയും ചെയ്തു. ഇതോടെ വിലപേശൽ ശക്തിയായി മാറി. രണ്ടു മന്ത്രിസ്ഥാനങ്ങളാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതിനായി കരുക്കളും നീക്കി തുടങ്ങി. മുതിര്‍ന്ന നേതാവായ മോൻസ് ജോസഫ് മന്ത്രിയാകുമെന്ന കാര്യത്തിൽ സംശയമില്ല. മികച്ച ഒരു വകുപ്പ് നേടിയെടുത്ത സ്ഥാനം ഉറപ്പിക്കാൻ ആണ് മോന്സിന്‍റെ ശ്രമം.

ഇത് മനസ്സിൽ വെച്ച് ചർച്ചകൾക്ക് ഇറങ്ങിയ കോൺഗ്രസ്, മോന്സിന് മികച്ച വകുപ്പ് നൽകി, രണ്ടാം മന്ത്രിക്ക് പകരം, ചീഫ് വിപ്പ് സ്ഥാനം നൽകി ഒതുക്കാൻ നീക്കം തുടങ്ങി. മന്ത്രിസഭാ ചർച്ചകൾക്കിടയിൽ ചീഫ് വിപ്പിന്‍റെ കാര്യം കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ കളം നിറഞ്ഞു കളിക്കാൻ അറിയാവുന്ന പിജെ ജോസഫ് തിരിച്ചൊരു ചെക്ക് വച്ചു. ചീഫ് പ്രസ്ഥാനം ഒക്കെ കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുന്നതല്ലേ നല്ലത്. വിപ്പിന്‍റെ പ്രധാനപ്പെട്ട ജോലി നിയമസഭയ്ക്കുള്ളിലെ ഫ്ലോർ മാനേജ്മെൻറ് ആണ്. ആ ജോലി ഏറ്റവും വലിയ കക്ഷി തന്നെ ചെയ്യുന്നതല്ലേ നല്ലതെന്ന അഭിപ്രായമാണ് പിജെ ജോസഫ് സ്വീകരിച്ചിട്ടുള്ളത്.

കേവലം 72 സീറ്റുമായി അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് ചീഫ് വിപ്പെന്ന എന്ന പദവി ശ്രദ്ധ ആകർഷിച്ചത്. നാക്കിന് മൂർച്ചയുള്ള പിസി ജോർജായിരുന്നു അന്ന് ചീഫ് വിപ്പ് ആയത്. വോട്ടിങ് സമയത്തെ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ അന്ന് ജോര്‍ജ് ക്രിയാത്മകമായി ഇടപെട്ടിരുന്നു. . നേരിയ ഭൂരിപക്ഷമായതിനാല്‍ സഭചേരുമ്പോള്‍ ഭരണകക്ഷി എംഎല്‍എമാര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും പുറത്തുപോകാനാകാത്ത സ്ഥിതിയാണെന്നായിരുന്നു അന്ന് കെ മരുളീധരന്റെ പരിഹാസം. എന്നാല്‍ ഇന്ന് 102 സീറ്റിൻ്റെ മൃഗീയ ഭൂരിപക്ഷമുള്ളപ്പോൾ ചീഫ് വിപ്പിന് വലിയ പ്രാധാന്യം ഇല്ലെന്നാണ് ജോസഫിന്‍റെ പക്ഷം.

ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ തോമസ് ഉണ്ണിയാടനെയാണ് കേരള കോൺഗ്രസ് അതിൽ നോക്കി വച്ചിരുന്നത്. എന്നാൽ രണ്ടാം മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കുന്ന പിജെ ജോസഫ്, ആ പദവിയിലേക്ക് മകൻ അപു ജോൺ ജോസഫിനെയാണ് നോക്കിക്കാണുന്നത്. കേരള കോൺഗ്രസ് ചെയർമാൻ പദവിയെക്കാൾ വിലയുള്ളത് മന്ത്രിസ്ഥാനം തന്നെയാണ്. ആറര പതിറ്റാണ്ടുകാലം ആയി , കേരള കോൺഗ്രസിന്‍റെ ഏതെങ്കിലും ഒരു ബ്രാക്കറ്റിൽ തലപ്പത്തുള്ള പിജെ ജോസഫിന് അത് വ്യക്തമായി അറിയാം. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് 9 അംഗങ്ങൾ ഉണ്ടായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ടു മന്ത്രിസ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് സ്ഥാനവുമാണെന്ന് ലഭിച്ചത്. ഇപ്പോൾ ഏഴംഗങ്ങളുള്ള കേരള കോൺഗ്രസിനെ ഒരു മന്ത്രിസ്ഥാനത്തിൽ ഒതുക്കാൻ നോക്കേണ്ടെന്ന് കണക്കുകൾ നിരത്തി പിജെ ജോസഫ് കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ, എങ്ങനെ മെരുക്കുമെന്ന് കോൺഗ്രസിനും ഒരു തിട്ടമില്ല.

P.J. Joseph's Strategic Maneuvers in Kerala Politics:

P.J. Joseph, Kerala Congress leader is currently spearheading negotiations for his party's representation in the UDF government. Despite not being an MLA, Joseph's strategic acumen has secured significant leverage for Kerala Congress in coalition discussions.