സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സത്യദീപം തോല്‍പ്പിച്ചിട്ടുണ്ടെന്നും ധീരമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സഭാ നേതൃത്വം വാരികയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സഭയുടെ പീഠത്തില്‍വച്ച വിളക്കാണ് നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന സത്യദീപമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രശംസിച്ചു.
1927 ജൂലൈ 3ന് ആരംഭിച്ച സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടക്കമിട്ടു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍–സത്യദീപം പുരസ്ക്കാരം ടി. പത്മനാഭന് സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപ്രത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സത്യദീപത്തിന്‍റെ ഡിജിറ്റല്‍ ആര്‍ക്കൈവ് മന്ത്രി റോജി എം ജോണ്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, നിരൂപകനും സത്യദീപം പുരസ്ക്കാര നിര്‍ണയസമിതി അധ്യക്ഷനുമായ പ്രഫസര്‍ എം തോമസ് മാത്യു, മേജര്‍ ആര്‍ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടന്‍ എന്നിവര്‍ സംസാരിച്ചു.
സത്യദീപം ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, പി.എഫ് മാത്യൂസ്, ബോബി ജോസ് കട്ടികാട്, ഫാദര്‍ പോള്‍ തേലക്കാട്ട്, ലിഡ ജേക്കബ്, ഫാദര്‍ കുര്യാക്കോസ് പുത്തന്‍മാനായില്‍, ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ സംസാരിച്ചു.