വി.ഡി.സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട നാടകീയ ചര്‍ച്ചകള്‍ക്കും തെരുവിലെ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷി, മുകുള്‍ വാസ്നിക്, അജയ് മാക്കന്‍, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി.ഡി.സതീശന്‍ കേരളത്തിന്‍റെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയാകും. ഈ പദവിയിലെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. അഞ്ചാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും.
ഹൈക്കമാന്‍ഡ് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വി.ഡി.സതീശന്‍ കുടുംബത്തോടൊപ്പം രാവിലെ തന്നെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ എത്തിയിരുന്നു. രാവിലെ രമേശ് ചെന്നിത്തലയുടെ വീട്ടിലും എംഎല്‍എമാരടക്കം ഒട്ടേറെ അനുയായികള്‍ എത്തി. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചശേഷം ചെന്നിത്തല പ്രതികരിച്ചില്ല. മാധ്യമങ്ങള്‍ക്ക് മുഖംകൊടുത്തതുമില്ല.
എം.എല്‍.എമാരില്‍ ഭൂരിപക്ഷം കെ.സി.വേണുഗോപാലിനൊപ്പമായിരുന്നെങ്കിലും പൊതുസമൂഹത്തിന്‍റെ വികാരവും യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടും കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് പുതിയ ഊര്‍ജവും ദിശയും നല്‍കാനും തിരഞ്ഞെടുപ്പില്‍ പ്രകടമായ ജനവികാരത്തോട് നീതിപുലര്‍ത്താനും സതീശന്‍റെ വരവ് ഉപകരിക്കുമെന്ന് എഐസിസി നേതൃത്വം കണക്കുകൂട്ടുന്നു.
ഡല്‍ഹിയില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്കൊപ്പം; കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സമീപം
മുഖ്യമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കെ.സി.വേണുഗോപാല്‍ ഹൈക്കമാന്‍ഡ് തീരുമാനം സര്‍വാത്മനാ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സതീശനും പുതിയ സര്‍ക്കാരിനും സര്‍വ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയാക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത നിരാശയിലാണ്. തന്‍റെ അതൃപ്തി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. അമര്‍ഷത്തിനിടെയും വി.ഡി.സതീശനെ പിന്തുണച്ച് ചെന്നിത്തല കെപിസിസി അധ്യക്ഷന് കത്ത് കൈമാറി.
തിരഞ്ഞെടുപ്പുഫലം വന്നശേഷമുള്ള പത്തുദിവസവും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഏറെയും കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, എ.കെ.ആന്‍റണി, വി.എം.സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ നൽകിയ റിപ്പോർട്ടുകളും കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളും സതീശന് അനുകൂലമായ ഘടകങ്ങളായി. ജനവികാരം അവഗണിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന പ്രിയങ്ക ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിലപാടും തീരുമാനത്തിൽ നിർണായകമായി.