Untitled design - 1

അധികാരം വരുമ്പോള്‍ അടുത്തുകൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ ഉപദേശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.  പിണറായി വിജയന് പറ്റിയ പാളിച്ച അവതാരങ്ങളെ മാറ്റിനിര്‍ത്താനാവാത്തതാണെന്നും അത് സതീശന് ഒരു പാഠമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

''നീതിപൂര്‍വമായി ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിയട്ടേ. അധികാരം കിട്ടിയപ്പോള്‍ പിണറായി പറഞ്ഞത് അവതാരങ്ങളെ മാറ്റിനിര്‍ത്തുമെന്നാണ്. അന്ന് അതിന് വലിയ കൈയ്യടി കിട്ടി. എന്നാല്‍ പറഞ്ഞതില്‍ നിന്ന് വിപരീതമായി സര്‍വ അവതാരങ്ങളും പിണറായിക്കൊപ്പം കൂടി അദ്ദേഹത്തെ ഈ നിലയിലാക്കി. ജനവികാരം ഉള്‍ക്കൊണ്ട് കേരളത്തില്‍ മാതൃകാ ഭരണസംവിധാനം കൊണ്ടുവരാന്‍ കഴിയണം. വികസനം എന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ്. കേരളം പഴയ കാലത്ത് നേടിയ നേട്ടത്തിന്‍റെ മാതൃക ഉള്‍ക്കൊണ്ട് സതീശന് ഭരിക്കാനാവട്ടെ''. – സുധീരന്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയെ വിഡി സതീശന്‍  വീട്ടിലെത്തി സന്ദര്‍ശിച്ചു. ഐക്യ കേരളമുണ്ടായ ശേഷമുള്ള ഏറ്റവും നിര്‍ണായക കാലഘട്ടത്തില്‍ കേരളത്തെ നയിക്കാനുള്ള നിയോഗം കോണ്‍ഗ്രസ് പാര്‍ട്ടി വിഡി സതീശന് നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് എകെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചു. 

''വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുന്നു. സോണിയ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ചാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്‍റും ചേര്‍ന്ന് വിഡിയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ആ തീരുമാനത്തെ ഞാന്‍ പൂര്‍ണമായി പിന്താങ്ങുന്നു. സതീശന് എല്ലാ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. അടുത്ത 5 വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെയെന്ന് ആശംസിക്കുന്നു. 

2001ല്‍ ഏതാണ്ട് ഇതുപോലെ വലിയ ഭൂരിപക്ഷത്തിലാണ് ഞാന്‍ കേരളത്തിലെ മുഖ്യമന്ത്രിയായത്. വലിയ ആരവവും മാധ്യമ പിന്തുണയും ആദ്യം എനിക്കുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ആരവങ്ങള്‍ കെട്ടടങ്ങി, മാധ്യമങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. കേരളം സാമ്പത്തികമായി തകര്‍ന്ന് പാപ്പരായ അവസ്ഥയില്‍ ചില കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നതോടെ, ആര്‍പ്പു വിളിച്ച് മാധ്യമങ്ങള്‍ എന്നെ കല്ലെറിഞ്ഞു. ആ സാഹചര്യം വിഡി സതീശന് ഉണ്ടാവരുത്. 

തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. സതീശന്‍റെ മനസില്‍ പല സ്വപ്നങ്ങളും കാണും. അതെന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചില പ്രഖ്യാപനങ്ങളുണ്ടായേക്കാം. കുറച്ച് കയ്പ്നീര് കുടിക്കേണ്ടി വരും. ഇത് 2001ലെക്കാള്‍ പത്തിരട്ടി സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന സംസ്ഥാനമാണ്. ഇതില്‍ നിന്ന് കര കയറ്റാന്‍ സതീശന് സാവകാശം നല്‍കണം''. – എകെ ആന്‍റണി വ്യക്തമാക്കി.   

ENGLISH SUMMARY:

VD Satheesan's appointment as Chief Minister of Kerala is a significant political transition, and veteran Congress leaders V M Sudheeran and A K Antony have offered crucial advice. They emphasized the importance of handling associates who flock to power and learning from past mistakes to ensure effective and development-oriented governance.