Untitled design - 1

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രമേശ് ചെന്നിത്തലയുടെ ഭാവി നശിപ്പിക്കുകയാണെന്ന് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്‍റെ എല്ലാ അഭിപ്രായത്തോടും യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'താക്കോലും പൂട്ടും എന്നൊക്കെ എന്തിനാ പറയുന്നത്?'. സുകുമാരൻ നായരുടെ സ്റ്റേറ്റ്മെന്റുകള്‍ ശരിയല്ല. എന്തിനാ ഇങ്ങനെ വര്‍ത്താനം പറയുന്നത്. സമുദായക്കാര് സമുദായത്തിന്‍റെ കാര്യം പറഞ്ഞാല്‍ പോരേ?. എന്തിനാ ആവശ്യമില്ലാത്തതൊക്കെ പറയുന്നത്. അവര്‍ക്ക് കിട്ടാനുള്ളത് വാങ്ങിയെടുക്കുക എന്നതല്ലാതെ അനാവശ്യമായി സംസാരിക്കുന്നത് ശരിയല്ല. ' – വെള്ളാപ്പള്ളി പറഞ്ഞു. 

'സാമൂഹ്യനീതിക്ക് അനുസരിച്ച് വിഡി  സതീശന്‍ ഭരിക്കട്ടെ. എന്നാല്‍ തിരഞ്ഞെുപ്പിന്റെ രാജശില്‍പി കെ.സി വേണുഗോപാല്‍ തന്നെയാണ്. സതീശന്റെ പ്രവര്‍ത്തനങ്ങളെ ചെറുതായി കാണാനാവില്ല. രമേശ് ചെന്നിത്തലയും നന്നായി പ്രവര്‍ത്തിച്ചു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കീഴ്​വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ഇതിനായിരുന്നുവെങ്കില്‍ ഇത്രയും താമസിപ്പിച്ചതെന്തിനെന്നും ലീഗ് മുഖ്യമന്ത്രി നിര്‍ണയത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍നായര്‍ പ്രതികരിച്ചു. 

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. പത്ത് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ 102 സീറ്റിന്‍റെ വിജയമാണ് യുഡിഎഫ് നേടിയത്. 

മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തന്നെ അവഗണിച്ചത് ശരിയായില്ലെന്നും സീനിയോറിറ്റി പാലിക്കപ്പെട്ടില്ലെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ചെന്നിത്തല തിരുവനന്തപുരത്ത് നിന്നും മടങ്ങി. പ്രതിസന്ധികളിലെല്ലാം പാര്‍ട്ടിക്ക് ആശ്വാസമായിട്ടും സെഞ്ചറി വിജയം സംസ്ഥാനത്ത് നേടിയിട്ടും പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. 

 

ENGLISH SUMMARY:

Vellapally Natesan criticizes G Sukumaran Nair for allegedly ruining Ramesh Chennithala's future and disagrees with NSS opinions. He also comments on VD Satheesan's leadership and KC Venugopal's role in the election.