Untitled design - 1

കോണ്‍ഗ്രസിലെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്ന വിഡി സതീശനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി. വിഡിക്ക് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റെടുത്ത് മുന്നേറാൻ എല്ലാവിധ ആശംസകളും നേരുകയാണെന്ന് ബിനീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.  

ഇനി താങ്കൾ എന്റെ കൂടി മുഖ്യമന്ത്രിയാണ്. വികസനത്തിന്റെ പാതയിൽ ഇന്ന് രാജ്യത്തിനാകെ മാതൃകയായി മുന്നേറുന്ന കേരളത്തെ കൂടുതൽ ശക്തിയോടു കൂടി നയിക്കാൻ താങ്കൾക്ക് സാധിക്കട്ടെ. രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ. ഇതിനകം ആരംഭിച്ചിരിക്കുന്നതും പൂർത്തിയാകുന്ന ഘട്ടത്തിലുള്ളതുമായ പദ്ധതികൾ ജനക്ഷേമത്തിന് കൂടുതൽ കരുത്താകുന്ന രീതിയിൽ വികസിപ്പിക്കപ്പെടട്ടെ. 

കേരളത്തിന്റെ ഭാവിക്കായി വികസനകാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുകയും, എതിർക്കേണ്ട വിഷയങ്ങളിൽ ജനാധിപത്യപരമായി എതിർപ്പ് രേഖപ്പെടുത്തുകയും, നാടിന്റെ പുരോഗതിക്കായി കൈകോർക്കേണ്ട സന്ദർഭങ്ങളിൽ ഒരുമിച്ച് മുന്നേറുകയും ചെയ്യാം. ആശയപരമായ വ്യത്യാസങ്ങൾ നിലനിൾക്കുമ്പോഴും ജനക്ഷേമവും വികസനവും എന്ന വലിയ ലക്ഷ്യത്തിൽ നമുക്ക് എല്ലാവർക്കും ഒന്നിക്കാനാകട്ടെ.

പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സാങ്കേതിക മുന്നേറ്റം എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മുന്നോട്ട് നയിക്കുന്ന ശക്തമായ നേതൃത്വം താങ്കളിലൂടെ ഉണ്ടാകട്ടെ.

സൗഹാർദ്ദവും പുരോഗതിയും നിറഞ്ഞ, ജനകീയവും പോസിറ്റീവുമായ ഒരു രാഷ്ട്രീയ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടാൻ താങ്കളുടെ നേതൃത്വം വഴിയൊരുക്കട്ടെ. – ബിനീഷ് കുറിച്ചു. 

അതേസമയം, വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ലീഗിനെ കടന്നാക്രമിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി.  മുസ്ലിം ലീഗിന്‍റെ സമ്മർദം ഒന്നുമാത്രമാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണമെന്ന് ബിജെപി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചതിന് പിന്നാലെയാണ് 22 നേക്കാളും താഴെയാണ് ഭായീ 63 എന്ന പരാമര്‍ശവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനെക്കാള്‍ മുന്നണിയില്‍ കൂടുതല്‍ സ്വാധീനമുള്ളത് 22 സീറ്റ് കിട്ടിയ ലീഗിനാണെന്നും, അതുകൊണ്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം വരെ മറികടന്ന്, ലീഗിന് കൂടുതല്‍ താല്‍പര്യമുള്ള വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് എന്നുമാണ് സുരേന്ദ്രന്‍റെ പരോക്ഷ വിമര്‍ശനം.   

ENGLISH SUMMARY:

VD Satheesan is set to become the Chief Minister of Kerala, receiving congratulations and well wishes from Binoish Kodiyeri. This appointment marks a significant moment in Kerala's political landscape, with hopes for continued development and progress under his leadership.