കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ വിഡിയോ മന്ത്രി ഒ.ജെ. ജനീഷിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് നീക്കിയതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി പി.എം.ആര്‍ഷോ. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചതാണെന്നാണ് ആളുകളുടെ ആരോപണം.
'അകാലത്തില്‍ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികള്‍' പറഞ്ഞ ആര്‍ഷോ, വി.ഡി.സതീശനും ഒ.ജെ.ജനീഷും തമ്മില്‍ സംസാരിക്കുന്ന തരത്തിലുള്ള സാങ്കല്‍പിക വാചകങ്ങളാണ് ട്രോള്‍ രൂപത്തില്‍ പങ്കുവച്ചത്. ഇട്ട പോസ്റ്റ് തനിയെ നീക്കം ചെയ്യുമോ? അതോ മെറ്റയെ കൊണ്ട് കളയിക്കണോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നതും. വേണ്ട, ഞാന്‍ തന്നെ കളഞ്ഞോളാം എന്ന് ഒ ജെ ജനീഷ് മറുപടി പറയുന്ന രീതിയിലുമാണ് പോസ്റ്റ്.
പിഎം ആര്‍ഷോയുടെ പോസ്റ്റിങ്ങനെ: 'ഇട്ട പോസ്റ്റ് നീയായിട്ട് തൂക്കുന്നോ, ഞാനെന്റെ മെറ്റയെക്കൊണ്ട് തൂക്കിക്കണോ?
ലെ ഓജെ : തൂക്കി പൂക്കീ തൂക്കി
അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ.
മുഖ്യമന്ത്രിയുടെ സമ്മർദത്തെത്തുടർന്നാണ് ഒ.ജെ.ജനീഷ് പോസ്റ്റ് പിൻവലിച്ചതെന്ന വിഷയം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെടുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് വിഡിയോ നീക്കിയതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ് തന്നെ വിശദീകരിച്ചു. വിഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും ജനീഷ് വ്യക്തമാക്കി.