കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ രണ്ടാം ദിവസവും പ്രതിഷേധം തുടര്‍ന്ന് ബിജെപി. ഇന്നലെ കോഴിക്കോട്ടും കൊല്ലത്തും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ രണ്ടിടത്ത് കരിങ്കൊടി വീശി. താണയിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.
മട്ടന്നൂർ വിമാനത്താവളത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകും വഴിയും ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കരിങ്കൊടി പ്രതിഷേധം മുന്നിൽക്കണ്ട് ഓരോ പോയിന്റുകളിലും കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു. പയ്യന്നൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 12 യുവമോര്‍ച്ച പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി.
മറ്റ് ജില്ലകളില്‍ മന്ത്രിമാര്‍ക്കുനേരെയും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടയം കടുത്തുരുത്തിയില്‍ മന്ത്രി മോന്‍സ് ജോസഫിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പട്ടാമ്പിയില്‍ മന്ത്രി ഒ.ജെ. ജനീഷിനെതിരെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കണ്ണൂര്‍ ആറളത്ത് വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. താമരശേരിയില്‍ മന്ത്രി കെ.മുരളീധരനുനേരെ കരിങ്കൊടി കാണിച്ച 12 പേര്‍ കസ്റ്റഡിയിലാണ്.