binu-chulliyil-facebook-post

അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ, കോൺഗ്രസ് മന്ത്രിമാർക്കും, പ്രിയങ്ക ഗാന്ധിക്കും എതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യുവമോർച്ചയെ വെല്ലുവിളിച്ച് യൂത്ത്കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ആദ്യമായിട്ടല്ല ഈ രാജ്യത്ത് ഭരണത്തിൽ ഇരിക്കുന്നവർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നതെന്ന് ബിനു ചുള്ളിയിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. എന്നാൽ ആദ്യമായിട്ടാവും ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ഒരു യുവ ജനസംഘടന കേരളം മുഴുവൻ കരിങ്കൊടി കാണിച്ച് നടക്കുന്നത്. യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണെന്നും യജമാനന് നൊന്താല്‍ മാത്രം കുരയ്ക്കുന്ന നായയാണ് യുവമോർച്ച എന്നും ബിനു ചുള്ളിയിൽ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

പിണറായി സർക്കാരിന് കീഴിൽ ഈ നാട്ടിലെ യുവ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ, എന്തിന് ഏറെ പാർട്ടിക്കാർക്കും സഖാക്കളുടെ ഭാര്യമാർക്കും, ബന്ധുക്കൾക്കും വേണ്ടി പിഎസ്‌സി നിയമനങ്ങൾ പോലും അട്ടിമറിച്ച് പിൻവാതിൽ നിയമങ്ങൾ ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ നടത്തിയപ്പോൾ എവിടെയായിരുന്നു യുവ മോർച്ചയുടെ പ്രതിഷേധത്തിന്‍റെ നട്ടെല്ല് എന്ന് ബിനു ചുള്ളിയില്‍ ചോദിക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കോടികളുടെ അഴിമതി കേരളത്തിലെ ജനങ്ങളുടെ കൺമുന്നിൽ കണക്കുകളായി നിരന്നപ്പോൾ പോലും പിണറായി വിജയന് നേരെ ഒരു കരിങ്കൊടി കാണിക്കാന്‍ ഇതുവരെ യുവമോര്‍ച്ച തയാറായില്ല, പക്ഷെ അമിത് ഷായെ യൂത്ത് കോൺഗ്രസും, താനും എന്‍റെ സഹപ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യുവ മോർച്ച കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിക്കും, പ്രിയങ്ക ഗാന്ധിക്കും എതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്നുവെന്നും ബിനു കുറിപ്പില്‍ വിമര്‍ശിക്കുന്നു. 

ആദ്യമായിട്ടല്ല ഈ രാജ്യത്ത് ഭരണത്തിൽ ഇരിക്കുന്നവർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നതെന്നും എന്നാൽ ആദ്യമായിട്ടാവും ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ഒരു യുവ ജനസംഘടന കേരളം മുഴുവൻ കരിങ്കൊടി കാണിച്ച് നടക്കുന്നത്. എന്തൊരു കോമാളിത്തരമാണ് ഇത്.  ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു കളിപ്പാവ ആകുന്നതിനെതിരെ ഒരു പ്രതിപക്ഷ യുവജന സംഘടന നടത്തിയ ജനാധിപത്യ പ്രതിഷേധത്തിന് എതിരെ യുവമോർച്ചയുടെ പ്രതിഷേധം. യജമാന സ്നേഹമാകാം. എന്നാൽ യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. 

ബിനു ചുള്ളിയിലിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: 'യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണ് യുവ മോർച്ച എന്നറിയാം. യജമാനന് നൊന്താൽ മാത്രം കുരക്കുന്ന നായ. കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച പിണറായി സർക്കാരിന് കീഴിൽ ഈ നാട്ടിലെ യുവ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ, എന്തിന് ഏറെ പാർട്ടിക്കാർക്കും സഖാക്കളുടെ ഭാര്യമാർക്കും, ബന്ധുക്കൾക്കും വേണ്ടി പിഎസ്‌സി നിയമനങ്ങൾ പോലും അട്ടിമറിച്ച് പിൻവാതിൽ നിയമങ്ങൾ ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ നടത്തിയപ്പോൾ എവിടെയായിരുന്നു യുവ മോർച്ചയുടെ പ്രതിഷേധത്തിൻ്റെ നട്ടെല്ല് ? ലൈഫ് മിഷൻ പദ്ധതിയിലെ കോടികളുടെ അഴിമതി കേരളത്തിലെ ജനങ്ങളുടെ കൺമുന്നിൽ കണക്കുകളായി നിരന്നപ്പോൾ എവിടെയായിരുന്നു യുവ മോർച്ച ?

കൊച്ചിയിലെ മുണ്ടംവേലി നിവാസികളെ വഞ്ചിച്ച് പിണറായി സർക്കാർ കോടികൾ മുടക്കി വെച്ച് കൊടുത്ത ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിഞ്ഞു വീഴാറായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.  അവിടുത്തെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. എല്ലാം പൊളിഞ്ഞു ഒരു രാത്രി തങ്ങളുടെ തലയിലേക്ക് വീഴുമോ എന്ന് പേടിച്ച് രാത്രി സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നില്ല. പക്ഷെ എന്നിട്ടും പിണറായി വിജയന് നേരെ ഒരു കരിങ്കൊടി കാണിക്കാൻ ഇതുവരെ യുവ മോർച്ചയ്ക്ക് സമയം കിട്ടിയില്ല. 

പക്ഷെ അമിത് ഷായെ യൂത്ത് കോൺഗ്രസും, ഞാനും എൻ്റെ സഹപ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യുവ മോർച്ച കേരളത്തിൻ്റെ ആഭ്യന്തര മന്ത്രിക്കും, പ്രിയങ്ക ഗാന്ധിക്കും എതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്നു. ആദ്യമായിട്ടല്ല ഈ രാജ്യത്ത് ഭരണത്തിൽ ഇരിക്കുന്നവർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. എന്നാൽ ആദ്യമായിട്ടാവും ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ഒരു യുവ ജനസംഘടന കേരളം മുഴുവൻ കരിങ്കൊടി കാണിച്ച് നടക്കുന്നത്. എന്തൊരു കോമാളിത്തരമാണ് ഇത്.  ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു കളിപ്പാവ ആകുന്നതിനെതിരെ ഒരു പ്രതിപക്ഷ യുവജന സംഘടന നടത്തിയ ജനാധിപത്യ പ്രതിഷേധത്തിന് എതിരെ യുവമോർച്ചയുടെ പ്രതിഷേധം. യജമാന സ്നേഹമാകാം. എന്നാൽ യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുത്.  

ഈ നാട്ടിലെ യുവജനങ്ങൾക്ക് വേണ്ടി രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിനെ മറികടന്ന് പ്രധാന മന്ത്രിയുടെ വീടിന് മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധി നയിക്കുന്ന പാർട്ടിയാണിത്. അപ്പോൾ ആ ഞങ്ങൾക്ക്, ഇന്ത്യൻ യൂത്ത് കോൺഗ്രസിന് അമിത് ഷായെ കാണുമ്പോൾ മുട്ടിടിക്കുമെന്ന് തോന്നുന്നെങ്കിൽ അത് യുവമോർച്ചയുടെയും, ബിജെപിയുടെയും മിഥ്യാധാരണ മാത്രമാണ്. ആനയെ പേടിക്കാത്ത ഞങ്ങൾക്ക് യുവ മോർച്ച എന്ന ആനപ്പിണ്ടത്തെ പേടിക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല.  ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവിനെ കീറി മുറിച്ച് വിദ്വേഷ പ്രചരണവും വെറുപ്പും വിതച്ച് യുവമോർച്ചക്കാർ നേടിയെടുത്ത കുപ്പായം പോലെ അല്ല ഞങ്ങളുടേത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഞങ്ങളുടെ പൂർവികരുടെ ചോരയും, ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി സ്വന്തം കാര്യങ്ങളും കുടുംബവും മറന്ന് ഓടിനടന്ന് പ്രവർത്തിക്കുന്ന ഞങ്ങളുടെ സഹപ്രവർത്തകരുടെ വിയർപ്പും ചേർത്ത് തുന്നിയെടുത്തതാണ് ഞങ്ങളുടെ കുപ്പായം. അതിൻ്റെ അന്തസ്സ് യുവമോർച്ചക്കാർക്ക് പറഞ്ഞാൽ മനസ്സിലാകുമെന്ന് കരുതുന്നില്ല.

യുവ മോർച്ചയുടെ ഈ പ്രഹസന കരിങ്കൊടി പ്രയോഗം റോഡിലിട്ട് തടയാൻ യൂത്ത് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല. ഞങ്ങളുടെ പ്രതിഷേധം ആനയോടാണ്. ആന പിണ്ടത്തോടല്ല എന്ന ബോധ്യം ഞങ്ങൾക്ക് ഉള്ളതുകൊണ്ടാണ് അത് ചെയ്യാത്തത്. അമിത്ഷായെ എന്നല്ല, നിങ്ങളുടെ വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കണം എന്ന് യൂത്ത് കോൺഗ്രസ് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും. തോക്കിനും ലാത്തിക്കും മുന്നിൽ മുട്ടിടിച്ച പാരമ്പര്യം ഞങ്ങൾക്കില്ല. ഷൂ നക്കിയ പാരമ്പര്യവും ഞങ്ങളുടേതല്ല. കണ്ണുരുട്ടി പേടിപ്പിക്കാം എന്ന് കരുതി റോഡിൽ ഇറങ്ങും മുൻപ് യുവ മോർച്ച ഇതൊക്കെ മനസ്സിലാക്കേണ്ടതുണ്ട് കേട്ടോ. 

ഇനി ഫ്രീ ആയിട്ട് ഒരു ഉപദേശവും തരാം, യജമാന സേവനമല്ല ഒരു യുവജന പ്രസ്ഥാനത്തിന്റെ ജോലി. സ്വന്തം പ്രസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് മേലെ പോലും ഈ രാജ്യത്തിന്റെ യുവജനങ്ങളുടെ ഭാവിയെ കണ്ട് പ്രവർത്തിക്കലാണ് ഒരു യുവജന സംഘടനയുടെ കർത്തവ്യം. ഈ നാട്ടിലെ മനുഷ്യരുടെ വോട്ടവകാശത്തെ പോലും ചോദ്യചിഹ്നമാക്കികൊണ്ടുള്ള പ്രവർത്തനങ്ങൾ ഭരണസിരാകേന്ദ്രത്തിൽ നിന്നും ഉണ്ടാകുമ്പോൾ, അതിനെതിരെ ഈ നാട്ടിലെ യുവജനങ്ങൾ പ്രതിഷേധവുമായി മുന്നിട്ടു ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം നിൽക്കാൻ നട്ടെല്ല് വളഞ്ഞു പോയതിനാൽ സാധിക്കുന്നില്ലെങ്കിലും, കുറഞ്ഞപക്ഷം ഇത്തരത്തിലുള്ള ഇളിഭ്യമായ പരിപാടികളുമായി റോഡിൽ ഇറങ്ങാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കണം'. 

ENGLISH SUMMARY:

Binu Chulliyil has launched a scathing attack on the Yuva Morcha for staging counter-protests against Congress leaders following a black flag demonstration targeting Union Home Minister Amit Shah. Chulliyil ridiculed the BJP youth wing, accusing them of acting blindly to protect their political masters while remaining silent on critical state issues like PSC back-door appointments and the Life Mission corruption scandal.