കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കും. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എന്നിവരുമായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. സമവായത്തിലെത്തിയതിനു ശേഷമേ രാഹുല്‍ ഗാന്ധി നേതാക്കളെ കാണൂ എന്നാണ് സൂചന. കേരളത്തിലേക്ക് നിയോഗിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഖര്‍ഗെ ചര്‍ച്ച നടത്തുക.
Also Read: സതീശന് ഡല്‍ഹിയില്‍ വരവേല്‍പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രിയെ ഖര്‍ഗെ തീരുമാനിക്കും
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്ന മൂന്നു പേരെയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമേ ഉണ്ടാകാവൂ എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് ആരായും. അതേസമയം കേരളത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഖര്‍ഗെ, സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ കേരള ഹൗസില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ലീഗ് നേതൃത്വത്തെ അസംതൃപ്തി അറിയിച്ചേക്കും. വി.ഡി.സതീശന് കേരള ഹൗസില്‍ സ്വീകരണം ഒരുക്കിയത് ലീഗും എം.എസ്.എഫുമാണെന്ന് എന്‍എസ്‌യു അധ്യക്ഷന്‍ വിനോദ് ജാഖര്‍ പ്രതികരിച്ചു. അതിനായി എന്‍.എസ്.യുവിന്റെയും ജെന്‍സിയുടെയും പേര് ഉപയോഗിച്ചു. സണ്ണി ജോസഫിനെതിരായ പ്രതിഷേധത്തെ അപലപിക്കുന്നെന്നും എന്‍.എസ്.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്നും വിനോദ് ജാഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്നലെ കേരള ഹൗസില്‍ തനിക്ക് ലഭിച്ചത് സ്വീകരണമെന്ന് സണ്ണി ജോസഫും പറഞ്ഞു
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എംഎല്‍എമാരുടെ എണ്ണവും നോക്കണം. ഫ്ലെക്സും ജാഥയും കൊണ്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ സീനിയോറിറ്റി ഒന്നും ബാധകമല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ വി.ഡി.സതീശനെതിരെ തിരുവനന്തപുരം നഗരത്തിൽ വ്യാപക ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ല എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ്. ആർട്ടിഫിഷ്യൽ ചോയിസിനെ കേരളം തിരിച്ചറിയും എന്നു ഫ്ലക്സിൽ പറയുന്നു. നാച്ചുറൽ എന്നത് വെട്ടിയിട്ടാണ് ആർട്ടിഫിഷ്യൽ എന്നെഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നാച്ചുറൽ ചോയ്സ് എന്ന സതീശന്റെ ഫ്ലെക്സിന് മറുപടിയായാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഉള്ള ഫ്ലക്സ് കെ.സി അനുകൂലികൾ സ്ഥാപിച്ചത്. ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടന്ന സതീശൻ അനുകൂല പ്രകടനത്തിൽ കെ.സി വേണുഗോപാലിന്റെ ചിത്രം നശിപ്പിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ ചിത്രവും കീറിയിരുന്നു. ഇതിനു മറുപടിയായി കൂടിയാണ് കെ.സി അനുകൂലികൾ ഉമ്മൻചാണ്ടിയുടെ ചിത്രം ഉള്ള ഫ്ലക്സ് സതീശന്യായ വാചകങ്ങളുമായി സ്ഥാപിച്ചത്. കോഴിക്കോട്ടും സതീശനെതിരെ ഫ്ലെക്സ് സ്ഥാപിച്ചു.
ഇതിനിടെ വി.ഡി.സതീശന്റെ തട്ടകത്തില്‍ കെ.സി.വേണുഗോപാലിനായി ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടു. പറവൂരിലെ ഫ്ളെക്സില്‍ ഒ.സിക്ക് ശേഷം കെ.സിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം മലപ്പുറത്ത് കെ.സിയുടെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു. ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച ഫ്ലെക്സില്‍, ജനകീയമുന്നണിയുടെ പേരിൽ വി.ഡിയുടെ പുതിയ ഫ്ലെക്സ് വച്ചു.
മുഖ്യമന്ത്രിപ്പോരില്‍ നിലപാട് തുറന്നു പറഞ്ഞ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ കീറില്ല. ആവേശത്തിനിടയില്‍ ആരെങ്കിലും ചെയ്തതാവും. ഒരുപക്ഷെ മദ്യം ഉപയോഗിച്ചവരാകാം. ഒരുനേതാവിന്റെയും ഫ്ലക്സ് കീറുന്നതിനോട് യോജിപ്പില്ല. മുഖ്യമന്ത്രിപ്പോരില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
എരിതീയില്‍ എണ്ണയൊഴിച്ച് മറ്റ് പാര്‍ട്ടിക്കാരാണ്. മറ്റ് പാര്‍ട്ടിക്കാരും അവസരം മുതലെടുക്കുന്നുണ്ട്. പ്രകടനങ്ങളില്‍ കോണ്‍ഗ്രസുകാരല്ലാത്തവരും കയറിക്കൂടുന്നു. കോണ്‍ഗ്രസുകാര്‍ ജാഗ്രതയും സംയമനവും കാണിക്കണം. ലീഗിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യുഡിഎഫില്‍ എല്ലാ കക്ഷികള്‍ക്കും പ്രാധാന്യമുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പരസ്യ പ്രതിഷേധം ഒഴിവാക്കാമായിരുന്നു. എരിതീയില്‍ എണ്ണയൊഴിച്ചത് മറ്റ് പാര്‍ട്ടിക്കാരാണെന്നും അവര്‍ അവസരം മുതലെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍. പ്രകടനങ്ങളില്‍ കോണ്‍ഗ്രസുകാരല്ലാത്തവരും കയറിക്കൂടുന്നതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയും സംയമനവും കാണിക്കണമെന്നും
ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ കീറില്ല. ആവേശത്തിനിടയില്‍ ആരെങ്കിലും കീറിയതാകാമെന്നും ഒരു നേതാവിന്റെയും ഫ്ലക്സ് കീറുന്നതിനോട് യോജിപ്പില്ലെന്നും ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കീറിയത് മര്യാദകേടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ശവകുടീരത്തില്‍പോയ ഒറ്റ എംഎല്‍എയും പ്രതികരിച്ചില്ല. ജാഥ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ നേതാക്കളുടെ ഫ്ലക്സ് കീറരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.