vd-satheesan-gets-hero-welcome-delhi

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി  നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ തയാറായില്ല അതിനിടെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് വമ്പൻ സ്വീകരണവും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ മുദ്രാവാക്യം വിളിയുമായി എംഎസ്എഫ് പ്രവർത്തകർ. ലീഗ് നേതാക്കൾക്കൊപ്പം പൊന്നാനി എംഎൽഎ നൗഷാദ് അലിയും  കേരള ഹൗസിലുണ്ടായിരുന്നു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും കോലാഹലങ്ങൾക്കിടയിലേക്ക് രമേശ് ചെന്നിത്തല വന്നില്ല. 

ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന്  യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെ. കേരള ഹൗസ് നിൽക്കുന്ന ജന്തർമന്തർ റോഡിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ ലീഗ് –എംഎസ്എഫ്  പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചു. തോളിലേറ്റി കേരള ഹൗസിലേക്ക്.

യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളെ കണ്ടില്ലെന്നു നടിച്ച്  റൂമിലേക്ക്. കേരള ഹൗസിലേക്ക് തൊട്ടു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എത്തി.ആഘോഷാന്തരീക്ഷം പൊടുന്നനെ പ്രതിഷേധത്തിലേക്ക്. സണ്ണി ജോസഫിന് നേരെ നിന്ന് എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തിക്കി തിരക്കിയ പ്രവർത്തകരിൽ ചിലർക്ക് ഷെക്ക് ഹാൻഡ് നൽകി സണ്ണി ജോസഫും പാടുപെട്ട് റൂമിലേക്ക് കയറി. ഇരു നേതാക്കളും പൂർണ്ണ മൗനം പാലിച്ചപ്പോൾ അളന്നു മുറിച്ച പ്രതികരണത്തോടെ ആയിരുന്നു രമേശ് ചെന്നിത്തല ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത് തന്നെ.

കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നു എങ്കിലും കോലാഹലങ്ങൾക്കിടയിലേക്ക് ചെന്നിത്തല വന്നില്ല. എംഎസ്എഫ് പ്രവർത്തകർ ചെന്നിത്തലയെ 2 മണി വരെ  കാത്തുനിന്ന് മടങ്ങി. ജെൻ സി കൂട്ടായ്മ, വിവിധ സർവകലാശാലയിലെ എൻഎസ്​യു പ്രവർത്തകർ എന്നിവരുടെ പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.  പതിവു തിരക്കുകൾ ഒഴിവാക്കി കെ.സി.വേണുഗോപാൽ ഡല്‍ഹിയില്‍ തന്നെയുണ്ട്.

ENGLISH SUMMARY:

The race for Kerala's Chief Minister post reached the national capital as top Congress leaders arrived in Delhi for high-level discussions with the high command. VD Satheesan received a grand welcome from IUML and MSF workers at Kerala House, where he celebrated the UDF victory by cutting a cake. However, KPCC President Sunny Joseph faced unexpected slogans and protests from the same group upon his arrival. Ramesh Chennithala chose to avoid the commotion at Kerala House and moved to an undisclosed location despite having a room booked there. While Mallikarjun Kharge is set to make the final call on the leadership, reports suggest Rahul Gandhi will remain neutral in the decision-making process.