അനിൽ അംബാനി ഗ്രൂപ്പിലെ രണ്ട് മുൻ മുൻനിര ഉദ്യോഗസ്ഥരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തു. റിലയൻസ് ടെലികോം ലിമിറ്റഡിന്റെ മുൻ ഡയറക്ടർമാരായ സതീഷ് സേത്ത്, ഗൗതം ദോഷി എന്നിവരാണ് പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് രാജ്യതലസ്ഥാനത്തായതിനാൽ, മുംബൈയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് അനുമതിയോടെ ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) നടന്ന വലിയ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ (CBI) കഴിഞ്ഞ മാർച്ചിൽ ഇരുവരുടെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ഇ.ഡി നടപടി.
റിലയൻസ് ടെലികോം ലിമിറ്റഡിന് 11 ബാങ്കുകളുടെ കൺസോർഷ്യം ആകെ 735 കോടി രൂപയുടെ ടേം ലോൺ (Term Loan) അനുവദിച്ചിരുന്നു. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മാത്രം 114.98 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
സി.ബി.ഐ നൽകിയ അഴിമതിക്കേസ് എഫ്.ഐ.ആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കലിന് കേസ് എടുത്തത്. ഈ വായ്പ തട്ടിപ്പിൽ സതീഷ് സേത്തിനും ഗൗതം ദോഷിക്കുമുള്ള കൃത്യമായ പങ്കും, വകമാറ്റിയ പണം എങ്ങോട്ടേക്കാണ് പോയതെന്നും കണ്ടെത്താനാണ് ഇ.ഡി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.