കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം. കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് ഫണ്ട് പിരിവില്‍ തിരിമറി നടന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതോടെ ലോക്കല്‍ സെക്രട്ടറി ഇ. രമേശനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. 70 ലക്ഷം ചിലവിട്ട് വാങ്ങിയ വീടുള്‍പ്പെടുന്ന ഭൂമി സ്വന്തം പേരില്‍ രമേശന്‍ റജിസ്റ്റര്‍ ചെയ്തുവെന്നും വായ്പയെടുത്തു എന്നുമാണ് പാര്‍ട്ടിക്കുള്ളിലെ പരാതി.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിന്‍റെ നാണക്കേടില്‍ നിന്ന് കരകയറും മുന്‍പാണ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത പ്രതിസന്ധി. വിശദീകരിക്കാന്‍ ശ്രമിക്കുതോറും പ്രതിരോധത്തിലാകുന്ന പാര്‍ട്ടിക്ക് മേല്‍ മറ്റൊരു തലവേദനയാണിത്. പഴയൊരു വീട്ടിലാണ് കോടിയേരി ബാലകൃഷ്ണന്‍റെ നാമത്തിലുള്ള കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കണക്ക് പ്രകാരം 70 ലക്ഷം രൂപയോളം ചെലവിട്ട് വീടടങ്ങുന്ന സ്ഥലം കണ്ണൂര്‍ നഗരത്തില്‍ വാങ്ങി. എന്നാല്‍ ലോക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതിന് പകരം ഇ. രമേശന്‍ സ്വന്തം പേരില്‍ ഭൂമി റജിസ്റ്റര്‍ ചെയ്തതായാണ് ആരോപണം. ഈ വസ്തു ഈട് വെച്ച് വായ്പയെടുത്തുവെന്നും ഇതിന് നേതൃത്വത്തിന്‍റെ അനുമതിയുണ്ടായില്ലെന്നും പരാതിയുണ്ട്.
കെട്ടിടം വാങ്ങുന്നതിന് പിരിവ് നടത്തിയതിലും ഫണ്ട് ശേഖരണാര്‍ഥം പ്രദര്‍ശന പരിപാടി വെച്ചതിന്‍റെ കണക്ക് കൃത്യമല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട് ആരോപണം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളില്‍ ഉയര്‍ന്നതോടെ ഇ. രമേശനെ പാര്‍ട്ടി സ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി രണ്ടംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ആരോപണം സിപിഎം ഏരിയാ നേതൃത്വം നിഷേധിക്കുകയാണ്. അടിസ്ഥാനമില്ലാത്തതും തെറ്റായതുമായ പ്രചാരണമാണിതെല്ലാമെന്നാണ് സിപിഎം കണ്ണൂര്‍ ഏരിയാ കമ്മറ്റിയുടെ മറുപടി.