• ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നുവെന്ന് സംശയം

ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെയെന്ന് സ്ഥിരീകരിച്ച് ദേവസ്വം സെക്രട്ടറി. മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യില്‍ ആറ് ബാച്ചുകളിലെ സാംപിള്‍ മാത്രമാണ് പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം മന്ത്രി കെ.മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 

അയ്യായിരം ലീറ്റര്‍ വീതം മുപ്പത് ലോഡുകളിലായി ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യ്. ഓരോ ലോഡിനും സാംപിള്‍ പരിശോധിക്കണമെന്ന് നിര്‍ബന്ധമുള്ളപ്പോള്‍ ഫുഡ് സേഫ്റ്റിയുടെ രേഖകള്‍ പ്രകാരം പരിശോധിച്ചിട്ടുള്ളത് മുപ്പതിന് പകരം ആറ് ലോഡിലെ സാംപിള്‍ മാത്രം. ഓരോ ബാച്ചിലെയും സാംപിള്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം സന്നിധാനത്തേക്ക് കടത്തിവിടുകയെന്ന പതിവ് നടപ്പായില്ല. പേരിന് സാംപിള്‍ ശേഖരിക്കുന്നു. നെയ്യ് സന്നിധാനം ലക്ഷ്യമാക്കി മലകയറുന്നു. സഹായിക്കാന്‍ മില്‍മ, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം വിജിലന്‍സും സമാനമായ കണ്ടെത്തലാണ് നടത്തിയത്. 

ശബരിമലയിലേക്ക് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ ധാരാളമെന്നിരിക്കെ എന്തിന് മില്‍മയില്‍ നിന്നും കരാറെടുത്തു എന്നതിലും ദുരൂഹതയുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മില്‍മയുടെ നെയ്യ് എടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്ന് വേണം കരുതാന്‍. സന്നിധാനത്ത് എത്തിച്ച നെയ്യില്‍ മില്‍മയുടെ ബോട്ടില്‍, പേര്, ബാച്ച് നമ്പര്‍ എന്നിവയിലൊന്നും യാതൊരു പിശകുമില്ല. ജീവനക്കാരുടെ സഹായത്തോടെ കരാറുകാരന്‍ മില്‍മയുടെ നെയ്യിന് പകരം വ്യാജന്‍ നിറച്ചുവെന്ന കണ്ടെത്തലില്‍ ഗുരുതര ക്രമക്കേട് തെളിയുകയാണ്. 

ഭാവിയിലെ അന്വേഷണത്തെ മറിടക്കാന്‍ സാംപിളിന് മാത്രം ഗുണനിലവാരമുള്ള നെയ്യ് നല്‍കുകയും മറ്റ് ബോട്ടിലുകള്‍ ബോധപൂര്‍വം കടത്തിവിട്ട് സുരക്ഷിതമെന്ന് വരുത്താനുള്ള ശ്രമമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫുഡ് സേഫ്റ്റിയല്ലാതെ ഭക്ഷണപദാര്‍ഥങ്ങള്‍ പമ്പയില്‍ പരിശോധിച്ച് ഉറപ്പിച്ച് നെയ്യ് കടത്തിവിടാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനമില്ലാത്തതും പോരായ്മയാണ്. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള  ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്നും ദേവസ്വം സെക്രട്ടറി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 

ENGLISH SUMMARY:

Devaswom Secretary M.G. Rajamanickam submitted a report to Minister K. Muraleedharan exposing major security lapses in the transportation of over 1.5 lakh litres of Milma ghee to Sabarimala, revealing that samples from only six out of thirty batches were tested at Pampa. The report highlights suspected connivance by officials and contractors in substituting genuine products, prompting recommendations for an investigation by an agency like the state vigilance.