കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെയ്ക്ക് നേരെ ജയ്പൂരിൽ വെച്ച് ആക്രമണം. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ജയ്പൂരിലെ ഷഹീദ് സ്മാരകിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. അണികൾ തോളിലേറ്റിക്കൊണ്ട് വരുന്നതിനിടെ ജനക്കൂട്ടത്തിനിടയിൽ നിന്ന രണ്ടുപേർ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.
ആക്രമണം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളുടെ വൻ പ്രതിഷേധമാണ് ഷഹീദ് സ്മാരകിൽ സംഘടിപ്പിച്ചത്.
അഭിജിത് ദീപ്കെ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയപ്പോൾ ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തെ തോളിലേറ്റുകയായിരുന്നു. ഈ സമയത്താണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് പെട്ടെന്ന് മുന്നോട്ടുവന്ന രണ്ടു യുവാക്കൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്.
അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രോഷാകുലരായ ദീപ്കെയുടെ അനുയായികൾ പ്രതികളെ വളഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് യുവാക്കളെ കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപെടുത്തിയത്.
യുവാക്കളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു കൊക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. അഴിമതിക്കും ചോദ്യ പേപ്പർ ചോർച്ചയ്ക്കുമെതിരെ പ്ലക്കാർഡുകളേന്തിയാണ് നൂറുകണക്കിന് യുവാക്കൾ പരിപാടിയിൽ പങ്കെടുത്തത്. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ യോഗത്തിൽ കടുത്ത മുദ്രാവാക്യങ്ങൾ വിളിച്ചു. അക്രമം നടത്തിയ രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ജയ്പൂർ പൊലീസ് അറിയിച്ചു.