കൊല്ലത്തെ രാഷ്ട്രീയത്തെ ഇളക്കി മറിച്ച സരസന്‍ തിരോധാനം, കൊല്ലപ്പെട്ടെന്നു കരുതിയ സരസന്‍ പിന്നീട് തിരിച്ചെത്തി. അച്ഛനെ ഒതുക്കാന്‍ സരസന്‍ സംഭവത്തിനു ഉപ്പും മുളകും നല്‍കിയത് സിപിഎമ്മും സിപിഐയുമാണെന്നു ഷിബു ബേബിജോണ്‍.
‘ബേബിജോണെ കൊലയാളി
സരസനെവിടെന്നു അറിയില്ലെ
അറിയില്ലെന്നാ മറുപടിയെങ്കില്‍
മറുപടി ഞങ്ങള്‍ പറയിക്കും.’
ആദ്യം ചവറയിലും, പിന്നീട് കൊല്ലത്തും, സംസ്ഥാന രാഷ്ട്രീയത്തിലും മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇത്. ബേബിജോണിന്‍റെ രാഷ്ട്രീയ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്ന കരുതിയ വിവാദത്തില്‍ നിന്നു പുറത്തു വരാന്‍ ഏറെ സമയമെടുത്തു. വിവാദത്തിനുശേഷം 82 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചവറയുടെ അതികായനെന്നു വിശേഷണമുള്ള ബേബിജോണ്‍ 621 വോട്ടിനു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സില്‍ ഓപറേറ്ററായിരുന്നു 32 കാരനായിരുന്ന സരസന്‍. ആര്‍.എസ്.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സരസന്‍ പ്രദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നു ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നു. അന്നത്തെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ ഹോള്‍ഡറായിരുന്ന സരസന്‍ പിന്നീട് ആര്‍.എസ്.പിക്കെതിരെ ശക്തമായ ആരോപണങ്ങളും ഉയര്‍ത്തി. 1980 ജനുവരി 25 ന് സരസന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹ തയ്യാറെടുപ്പിനിടെ ആ മാസം 5 ന് സരസനെ കാണാതാകുന്നു . ഇതിന്‍റെയെല്ലാം കുന്തമുന നീണ്ടത് അന്നു ചവറ എം.എല്‍.എയും മന്ത്രിയുമായിരുന്ന ബേബിജോണിലേക്കായിരുന്നു. 1981 ല്‍ അധികാരത്തിലെത്തിയ നായനാര്‍ മന്ത്രിസഭയാണ് അധികാരത്തില്‍.
സരസനെ ജീപ്പ് കയറ്റിക്കൊന്നു, ബേബിജോണിന്‍റെ ഐസ് ഫാക്ടറിയില്‍ കൊണ്ടു പോയി വെട്ടിനുറുക്കി, പുറം കടലില്‍ സ്രാവുകള്‍ക്ക് എറിഞ്ഞു കൊടുത്തു, അഞ്ജാത കേന്ദ്രത്തിലെത്തിച്ച് ഷോക്കടിപ്പിച്ചു ചലനശേഷി നഷ്ടപ്പെടുത്തി, പട്ടിണിക്കിട്ട് കൊന്നു ഇങ്ങനെ പലവിധത്തില്‍ കൊലപാതക കഥകള്‍ പരന്നു.
പിന്നീട് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തു. സംശയമുള്ള പലരേയും പൊലീസ് പൊക്കി, പലരേയും മൂന്നാംമുറയ്ക്ക് വിധേയമാക്കി എന്നുള്ള പരാതിയും എത്തി. സര്‍ക്കാരിനും ബേബിജോണിനുമൊക്കെ പലവട്ടം ഉത്തരംമുട്ടി. പ്രതിഷേധം ആളിക്കത്തി. ഇതിലാണ് ബോബിജോണിന്‍റെ മകനും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബിജോണിന്‍റെ തുറന്നു പറച്ചിലെത്തുന്നത്.
ആളിക്കത്തിയ പ്രതിഷേധത്തിനു അയവുവന്നത് ഇത്രയും കോളിളക്കമുണ്ടായിട്ടും 621 വോട്ടിനു ബേബിജോണ്‍ 82 ല്‍ വിജയിച്ചതോടെയാണ്. ഐ.എന്‍.ടി.യു.സി നേതാവായ സുരേഷ്ബാബുവായിരുന്നു എതിരാളി. വിജയിക്കുമെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചതായിരുന്നു. കരുണാകരന്‍ മന്ത്രിസഭ അധികാരത്തില്‍ വന്നെങ്കിലും ചവറയിലെ പരാജയം കോണ്‍ഗ്രസിനും ക്ഷീണമുണ്ടാക്കി.
പെട്ടെന്ന് സരസന്‍ തിരിച്ചെത്തുന്നു. 1986 ഒക്ടോബര്‍ 1 അജ്ഞാത വാസത്തിനുശേഷം സരസനെ ജീവനോടെ കണ്ടെത്തുന്നു. കുന്ദാപുരയിലെ വാന്ദ്സെ എന്ന സ്ഥലത്തുനിന്നാണ് സരസനെ പൊലീസ് കണ്ടെത്തുന്നത്. രവി എന്ന പേരിലായിരുന്നു അജ്ഞാ വാസം. സരസന്‍റെ അകന്ന ബന്ധു ഇവിടെ ജോലിക്കെത്തിയപ്പോള്‍ ആയിരുന്നു ഇയാളെ കണ്ടെത്തിയത്. അയാള്‍ വീട്ടിലേക്ക് കത്തെഴുതി. അങ്ങനെയാണ് സരസിനിലേക്ക് പൊലീസ് എത്തുന്നത്. ആര്‍ക്കെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു സരസന്‍റെ മൊഴി.
സരസനെ കാണാന്‍ ഒരാഴ്ച സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു ആളെത്തിയിരുന്നു. ആയിരക്കണക്കിനു ആളുകളാണ് സരസനെ കാണാന്‍ വീട്ടു മുറ്റത്ത് തടിച്ചു കൂടിയത്. ഐ.ആര്‍.ഇ ജോലി സരസന് പിന്നീട് തിരിച്ചുകിട്ടി. ഇവിടെ നിന്നു തമിഴ്നാട്ടിലേക്കായിരുന്നു മാറ്റി നിയമനം നല്‍കി. അവിവാഹിതനായി തുടര്‍ന്നു. 1992 ജനുവരി 26 ന് മരിച്ചു.
ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി സരസന്‍ തിരോധാനം. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ? ബേബിജോണിനെ തകര്‍ക്കാനായി രാഷ്ട്രീയമായി നടത്തിയ ഗൂഡാലോചനയാണോ, ഒളിവില്‍ കഴിഞ്ഞപ്പോള്‍ സഹായിച്ചതാര്? നാടുവിടാന്‍ കാരണമെന്ത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.