നഴ്സുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍. കരട് വിജ്ഞാപനം പുറത്തിറക്കി. നഴ്സുമാര്‍ക്ക് പ്രവൃത്തി പരിചയം അനുസരിച്ച് 25450 മുതല്‍ 30800 രൂപവരെ വരെ മിനിമം വേതനം ലഭിക്കും. 5 വര്‍ഷം പ്രവൃത്തി പരിചയമുളള നഴ്സിന് 28000 രൂപയാണ് അടിസ്ഥാന വേതനം. മറ്റ് ജീവനക്കാര്‍ക്ക് 23650 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സും ആശുപത്രികളുടെ ബെഡുകളുടെ എണ്ണമനുസരിച്ച് കൂടുതല്‍ വേതനവും ലഭിക്കും.
അറ്റന്‍ഡര്‍ , ഹെല്‍പര്‍ , സെക്യൂരിറ്റി, സ്വീപ്പര്‍ , സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ മുഴുവന്‍ ജീവനക്കാരുടേയും ശമ്പളം ഉയരും. എന്നാല്‍ ശമ്പള പരിഷ്കരണ തീരുമാനം അംഗീകരിക്കില്ലെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട്. യുണൈററഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ വമ്പൻ പ്രതിഷേധം നടന്നിരുന്നു. അടിയന്തര ജോലികൾ ഒഴികെയുള്ള ബഹിഷ്കരിച്ചു നടത്തിയ മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു നഴ്സുമാർ അണിനിരന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ട് 9ന് അകം ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ അന്നു മുതൽ എല്ലാ നഴ്സുമാരും പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രഖ്യാപിച്ചിരുന്നു.
മാസശമ്പളം 40,000 രൂപയാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എല്ലാ സ്വകാര്യ ആശുപത്രികളിലും മൂന്നിലൊന്ന് നഴ്സുമാരുടെ സേവനം ഉറപ്പാക്കിക്കൊണ്ടായിരുന്നു സമരം ആരംഭിച്ചത്.
രമേശ് ചെന്നിത്തല എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഏറ്റവും അവസാനമായി ശമ്പളം വർധിപ്പിച്ചതു 2018 ഏപ്രിൽ 23നാണ്. ഇതു പൂർണമായി നടപ്പാക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. സുപ്രീം കോടതി നിർദേശപ്രകാരം 2016ൽ കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി നഴ്സുമാരുടെ പ്രതിമാസ ശമ്പളം 40,000 രൂപയാക്കണമെന്നു ശുപാർശ ചെയ്തിട്ടുണ്ട്. ഹൈക്കോടതി 2023ൽ പുറപ്പെടുവിച്ച വിധിയിൽ 3 മാസത്തിനുള്ളിൽ ശമ്പളം പരിഷ്കരിക്കണമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ 27നു മന്ത്രി വി.ശിവൻകുട്ടി ഒരു മാസത്തിനുള്ളിൽ ശമ്പളപരിഷ്കരണ ഉത്തരവു പുറപ്പെടുവിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.